പോസ്റ്റ്‌മോർട്ടം ചെയ്യുന്ന സമയത്ത് പുരുഷന്മാരുടെ ശാരീരിക പ്രത്യേകതകളെയും സ്വകാര്യഭാഗങ്ങളെയും നോക്കി പരിഹസിക്കാറുണ്ടെന്നും അത്തരം കാര്യങ്ങൾ സുഹൃത്തുക്കളോട് പങ്കുവക്കാറുണ്ടെന്നുമായിരുന്നു യുവ ഡോക്ടറുടെ പ്രതികരണം
ഗുരുഗ്രാം: സ്റ്റാൻഡ് അപ് കോമഡി പരിപാടിക്കിടെ പുരുഷന്മാരുടെ മൃതദേഹങ്ങളെക്കുറിച്ച് അപകീർത്തികരമായ പരാമർശം. വിമർശനം രൂക്ഷമായതിന് പിന്നാലെ മാപ്പ് അപേക്ഷിച്ച് വനിതാ ഡോക്ടർ. പ്രമുഖ കോമേഡിയൻ പ്രണീത് മോറെയുടെ പരിപാടിക്കിടെയാണ് മുംബൈയിലെ കെഇഎം ആശുപത്രിയിലെ ഡോക്ടറായ സേജൽ പവാർ പുരുഷ മൃതദേഹങ്ങളെക്കുറിച്ച് അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയത്. പോസ്റ്റ്‌മോർട്ടം ചെയ്യുന്ന സമയത്ത് പുരുഷന്മാരുടെ ശാരീരിക പ്രത്യേകതകളെയും സ്വകാര്യഭാഗങ്ങളെയും നോക്കി പരിഹസിക്കാറുണ്ടെന്നും അത്തരം കാര്യങ്ങൾ സുഹൃത്തുക്കളോട് പങ്കുവക്കാറുണ്ടെന്നുമായിരുന്നു സേജലിന്റെ പ്രതികരണം. പരാമർശം വലിയ രീതിയിൽ വൈറലാവുകയും രൂക്ഷമായ വിമർശനം നേരിടുകയും ചെയ്തിരുന്നു. ഡോക്ടറുടെ നടപടി മെഡിക്കൽ ധാർമ്മികതയ്ക്ക് നിരക്കാത്തതാണെന്ന് ചൂണ്ടിക്കാണിച്ച് നിരവധി പേരാണ് വിമർശനമുയർത്തിയത്.
ഒരു ലൈവ് കോമഡി ഷോയ്ക്കിടെ കാണികളിലൊരാളായ ഡോക്ടറോട് സംസാരിക്കുമ്പോഴാണ് വിവാദപരമായ ഈ പരാമർശങ്ങൾ ഉണ്ടായത്. മരണപ്പെട്ട വ്യക്തികളുടെ ശരീരത്തോട് കാണിക്കേണ്ട മാന്യതയും ഡോക്ടർമാർ കാത്തുസൂക്ഷിക്കേണ്ട അടിസ്ഥാനപരമായ പ്രൊഫഷണൽ കോഡും ഇവർ പൂർണ്ണമായും ലംഘിച്ചുവെന്ന് മെഡിക്കൽ രംഗത്തുള്ളവർ ഉൾപ്പെടെയുള്ളവർ വിമർശനമുയർത്തി. ഒരു പൊതുവേദിയിൽ വെച്ച് വിനോദത്തിന് വേണ്ടി മൃതദേഹങ്ങളെ ഇത്തരത്തിൽ അധിക്ഷേപിച്ച ഡോക്ടറുടെ ലൈസൻസ് റദ്ദാക്കണമെന്നും നിരവധിപ്പേർ വീഡിയോയ്ക്ക് പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആ കോമഡി ഷോയിൽ പങ്കെടുത്തപ്പോൾ തനിക്കുണ്ടായ ആവേശത്തിൽ ചിന്താശൂന്യമായി സംസാരിച്ചുപോയതാണെന്ന് സേജൽ വിശദമാക്കിയത്. തന്റെ വാക്കുകൾ ആരുടെയെങ്കിലും വികാരങ്ങളെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കിൽ അതിന് ഹൃദയത്തിൽ തട്ടി മാപ്പ് ചോദിക്കുന്നുവെന്നും, ഒരു മെഡിക്കൽ വിദ്യാർത്ഥിയോ പ്രൊഫഷണലോ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത തെറ്റാണ് താൻ ചെയ്തതെന്നും സേജൽ സമ്മതിച്ചു. വിനോദത്തിന് വേണ്ടിയാണെങ്കിലും തന്റെ ഭാഗത്തുനിന്നുണ്ടായ ഈ പെരുമാറ്റത്തെ ന്യായീകരിക്കുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.
ഇത് ആദ്യമായല്ല പ്രണീത് മോറെയുടെ സ്റ്റാൻഡ് അപ് കോമഡി വിവാദമാകുന്നത്. ബിരിയാണി വാങ്ങി നൽകിയതിന് പകരമായി ഡേറ്റിന് വന്ന യുവതിയോട് ലൈംഗിക പ്രീണനത്തിന് മുതിർന്നുവെന്ന 23കാരന്റെ പരാമർശം വലിയ വിവാദമായത് ദിവസങ്ങൾക്ക് മുൻപാണ്. ഇതിന് പിന്നാലെ 23കാരനെ ഇയാൾ ജോലി ചെയ്തിരുന്ന സ്ഥാപനം പുറത്താക്കിയിരുന്നു.


