മനാമയില്‍ പല സ്ഥലങ്ങളിലുള്ള അപ്പാര്‍ട്ട്മെന്റുകളില്‍ 11 പ്രവാസി വനിതകളെ പൂട്ടിയിട്ട് വേശ്യാവൃത്തിക്ക് നിര്‍ബന്ധിച്ച സംഭവത്തില്‍ പ്രതികള്‍ക്ക് 10 വര്‍ഷം ജയില്‍ ശിക്ഷ.

മനാമ: ബഹ്റൈനില്‍ (Manama) മനുഷ്യക്കടത്ത് സംബന്ധമായ കുറ്റകൃത്യങ്ങളില്‍ (human trafficking charges) ഏര്‍പ്പെട്ട 18 പേര്‍ക്ക് കോടതി 10 വര്‍ഷം വീതം ജയില്‍ ശിക്ഷ വിധിച്ചു. ബംഗ്ലാദേശ് സ്വദേശികളായ 14 പുരുഷന്മാരും മൂന്ന് സ്‍ത്രീകളും ഒരു ഇന്തോനേഷ്യന്‍ യുവതിയുമാണ് സംഘത്തിലുള്ളത്. ഇവര്‍ പ്രവാസി വനിതകളെ അവരുടെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായി പൂട്ടിയിടുകയും വേശ്യാവൃത്തിക്ക് നിര്‍ബന്ധിക്കുകയും (forcing into prostitution) ചെയ്‍തതായി ഹൈ ക്രിമിനല്‍ കോടതിയുടെ (High Criminal Court) വിധിന്യായത്തില്‍ പറയുന്നു.

ഒരു ഷെഫും ഒരു വ്യവസായിയും ഉള്‍പ്പെടെയുള്ളവരാണ് സംഘത്തിലുള്ളത്. മനാമയില്‍ പല സ്ഥലങ്ങളിലുള്ള അപ്പാര്‍ട്ട്മെന്റുകളില്‍ ഇവര്‍ 11 പ്രവാസി വനിതകളെ പൂട്ടിയിടുകയായിരുന്നു. ഗാര്‍ഹിക തൊഴിലാളികളായും മറ്റും ജോലി ചെയ്‍തിരുന്ന പ്രവാസി വനിതകളെ സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട് മെച്ചപ്പെട്ട ശമ്പളവും മറ്റ് ആനുകൂല്യങ്ങളുമുള്ള ക്ലീനിങ് ജോലികള്‍ വാഗ്ദാനം ചെയ്‍താണ് സ്‍പോണ്‍സര്‍മാരില്‍ നിന്ന് ഒളിച്ചോടാന്‍ പ്രേരിപ്പിച്ചത്. കേസില്‍ അറസ്റ്റിലായ ഇന്തോനേഷ്യന്‍ യുവതി താന്‍ സംഘത്തിന്റെ ഏജന്റായി പ്രവര്‍ത്തിച്ചുവെന്ന് പ്രോസിക്യൂഷന്റെ ചോദ്യം ചെയ്യലില്‍ സമ്മതിക്കുകയും ചെയ്‍തു. 

22 വയസുള്ള ഇന്തോനേഷ്യന്‍ യുവതി പരാതി നല്‍കിയതോടെയാണ് പൊലീസ് അന്വേഷണം തുടങ്ങിയതും സംഘത്തെ വലയിലാക്കിയതും. പരാതിക്കാരിയായ യുവതിയെ പ്രലോഭിപ്പിച്ച് അപ്പാര്‍ട്ട്മെന്റിലെത്തിച്ച ശേഷം ഇവിടെ പൂട്ടിയിട്ടെങ്കിലും ഒന്നാം നിലയിലെ ജനലിലൂടെ രക്ഷപ്പെട്ട് പുറത്തെത്തിയാണ് പൊലീസില്‍ പരാതി നല്‍കിയത്. വിചാരണയില്‍ പ്രതികളെല്ലാം കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തുകയും ചെയ്‍തു. ശിക്ഷ അനുഭവിച്ച ശേഷം എല്ലാ പ്രതികളെയും നാടുകടത്തണമെന്നും കോടതി ഉത്തരവിലുണ്ട്.