താമസകാര്യ വിഭാഗം മേധാവി മേജര്‍ ജനറല്‍ അന്‍വര്‍ അല്‍ ബര്‍ജാസിന്റെ മേല്‍നോട്ടത്തിലായിരുന്നു പരിശോധനകളെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.

കുവൈത്ത് സിറ്റി: കുവൈത്തില്‍ സ്‍പോണ്‍സര്‍മാരില്‍ നിന്ന് ഒളിച്ചോടുന്ന ഗാര്‍ഹിക തൊഴിലാളികളെ കണ്ടെത്താനായി അധികൃതര്‍ റെയ്‍ഡ് തുടരുന്നു. സ്‍പോണ്‍സര്‍മാരില്‍ നിന്ന് ഒളിച്ചോടിയെത്തുന്നവര്‍ക്ക് ജോലി നല്‍കുന്നുവെന്ന് സംശയിക്കുന്ന അഞ്ച് ഓഫീസുകളില്‍ ജനറല്‍ അഡ്‍മിനിസ്‍ട്രേഷന്‍ ഓഫ് റെസിഡന്‍സ് അഫയേഴ്‍സ് റെയ്‍ഡ് നടത്തി. ഇവിടെ നിന്ന് നിരവധി തൊഴിലാളികളെയും കസ്റ്റഡിയിലെടുത്തു.

കുവൈത്ത് താമസകാര്യ വിഭാഗം മേധാവി മേജര്‍ ജനറല്‍ അന്‍വര്‍ അല്‍ ബര്‍ജാസിന്റെ മേല്‍നോട്ടത്തിലായിരുന്നു പരിശോധനകളെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. ഗാര്‍ഹിക തൊഴിലാളികള്‍ സ്‍പോണ്‍സര്‍മാരില്‍ നിന്ന് ഒളിച്ചോടി മറ്റ് സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നത് തടയുന്നതിന്റെ ഭാഗമായാണ് ഇപ്പോഴത്തെ നടപടികള്‍. രാജ്യത്തെ താമസ നിയമങ്ങള്‍ ലംഘിച്ചതായി കണ്ടെത്തിയ 19 പ്രവാസികളെ അറസ്റ്റ് ചെയ്‍ത് തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയിട്ടുണ്ട്.