കഴിഞ്ഞ 24  മണിക്കൂറിനിടയില്‍ കൊവിഡ്  ബാധിച്ചു മൂന്ന് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇതോടെ കൊവിഡ് ബാധിച്ച്  ഒമാനില്‍ മരിച്ചവരുടെ എണ്ണം 1532 ആയി ഉയര്‍ന്നു.

മസ്കറ്റ്: ഒമാനില്‍ 198 പേര്‍ക്ക് കൂടി പുതിയതായി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം പ്രസ്താവന പുറത്തിറക്കി. 134,524 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ കൊവിഡ് ബാധിച്ചു മൂന്ന് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇതോടെ കൊവിഡ് ബാധിച്ച് ഒമാനില്‍ മരിച്ചവരുടെ എണ്ണം 1532 ആയി ഉയര്‍ന്നു. ഇതുവരെ 126,949 പേര്‍ രോഗമുക്തരായിട്ടുണ്ട്. 

അതേസമയം ഒമാനില്‍ ആറുപേര്‍ക്ക് ജനിതകമാറ്റം സംഭവിച്ച കൊവിഡ് വൈറസ് കണ്ടെത്തിയതായി ഒമാന്‍ ആരോഗ്യമന്ത്രി ഡോക്ടര്‍ അഹമ്മദ് മുഹമ്മദ് അല്‍ സൈദി പറഞ്ഞു. മസ്‌കറ്റില്‍ നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി അല്‍ സൈദി. തീവ്രപരിചരണ വിഭാഗത്തിലെ രോഗികളുടെ എണ്ണം ജനുവരി 21 ന് മുമ്പ് 51 ആയിരുന്നു. എന്നാല്‍ രണ്ട് ദിവസം മുമ്പ് ഇത് 102 രോഗികളിലെത്തിയെന്നും മന്ത്രി വ്യക്തമാക്കി. കൊവിഡ് 19നെതിരായ പോരാട്ടത്തില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ആരോഗ്യ മന്ത്രി പൗരന്മാരോടും താമസക്കാരോടും അഭ്യര്‍ത്ഥിച്ചു. രാജ്യം തല്ക്കാലം ഒരു ലോക്ക്ഡൗണ്‍ നടപടിയിലേക്ക് നീങ്ങുകയില്ലെന്നും മന്ത്രി ഡോക്ടര്‍ അഹമ്മദ് മുഹമ്മദ് അല്‍ സൈദി വ്യക്തമാക്കി.