കുവൈത്ത് സിറ്റി: പ്രമുഖ ബ്രാന്റുകളുടെ പേരില്‍ വിറ്റഴിച്ചിരുന്ന വ്യാജ പെര്‍ഫ്യൂമുകളുടെ വന്‍ശേഖരം കുവൈത്ത് അധികൃതര്‍ പിടിച്ചെടുത്തു. വാണിജ്യ, വ്യവസായ മന്ത്രാലയം നടത്തിയ പരിശോധനയിലാണ് അന്താരാഷ്‍ട്ര ബ്രാന്‍ഡുകളുടെ വ്യാജന്മാരെ നിര്‍മിക്കുന്ന ഫര്‍വാനിയയിലെ കമ്പനി അധികൃതരുടെ ശ്രദ്ധയില്‍പെട്ടത്. 

കടകളിലും വാണിജ്യ സ്ഥാപനങ്ങളിലും ഗോഡൌണുകളിലും അധികൃതര്‍ പരിശോധന നടത്തിയതായി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു. വ്യാജമായി പെര്‍ഫ്യൂമുകളുണ്ടാക്കി അതിനെ പ്രമുഖ ബ്രാന്‍ഡുകളുടേതിത് സമാനമായ കുപ്പികളില്‍ നിറച്ച് വില്‍പ്പന നടത്തുന്ന രീതിയായിരുന്നു സ്വീകരിച്ചിരുന്നത്. വിവിധ ബ്രാന്‍ഡുകളുടെ പേരെഴുതിയ രണ്ടായിരം വ്യാജ പെര്‍ഫ്യൂം ബോട്ടിലുകള്‍ കണ്ടെടുത്തു. ഇവയിലെല്ലാം പെര്‍ഫ്യൂമുകള്‍ നിറച്ച് ഉപഭോക്താക്കള്‍ക്ക് വില്‍ക്കാന്‍ തയ്യാറായിരുന്നു. പിടിയിലായവരെ തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.