റിയാദ്: സൗദിയില്‍ ക്ലീനിങ് കമ്പനികളിലെ 20,000 തൊഴിലാളികളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിപാര്‍പ്പിച്ചു. കൊവിഡ് വ്യാപനം തടയാന്‍ മുന്‍കരുതലായി അല്‍ബാഹ മേഖലയിലെ ക്ലീനിങ് കമ്പനികള്‍ക്ക് കീഴിലുള്ള ലേബര്‍ ക്യാമ്പുകളില്‍ നിന്നാണ് തൊഴിലാളികളെ ഗവണ്‍മെന്റ് സ്‌ക്കൂള്‍ കെട്ടിടങ്ങളിലേക്ക് മാറ്റിയത്.

പ്രാദേശിക ആരോഗ്യ കാര്യാലയത്തിന്റെ നേതൃത്വത്തിലാണ് നടപടി സ്വീകരിച്ചത്. മേഖലയിലെ 80 ശതമാനം തൊഴിലാളികളെ ഇതിനകം മാറ്റിതാമസിപ്പിച്ചതായി ആരോഗ്യവക്താവ് മാജിദ് ബിന്‍ അലി അല്‍ശത്വി പറഞ്ഞു. ഇവരെ പൂര്‍ണമായ ആരോഗ്യ പരിശോധനക്ക് വിധേയമാക്കുകയും കൊവിഡ് സംബന്ധിച്ച ബോധവത്കരണം നടത്തുകയും ചെയ്തിട്ടുണ്ട്.

മേഖലയില്‍ 10 ടീമുകളിലായി 200 ഡോക്ടര്‍മാരും പാരാമെഡിക്കല്‍ ജീവനക്കാരും ചേര്‍ന്നാണ് പരിശോധന നടപടികള്‍ പൂര്‍ത്തിയാക്കിയത്. 1,20,000ത്തിലധികം തൊഴിലാളികളെ പരിശോധനക്ക് വിധേയമാക്കിയിട്ടുണ്ട്. ഇതിന് പുറമെ താമസിക്കുന്ന കെട്ടിടങ്ങളില്‍ ആരോഗ്യസുരക്ഷ നിയമങ്ങള്‍ പാലിച്ചിട്ടുണ്ടോയെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്. ആരോഗ്യനിബന്ധനകള്‍ പാലിക്കാത്ത കെട്ടിടങ്ങളിലുള്ളവരെയാണ് മേഖലയിലെ വിവിധ ഗവണ്‍മെന്റ് സ്‌കൂളുകളിലേക്ക് മാറ്റിയിരിക്കുന്നത്. ബാക്കിയുള്ളവരെയും മാറ്റുന്ന നടപടി തുടരുകയാണ്.