ജനസംഖ്യ അനുസരിച്ചുള്ള സ്വദേശി - വിദേശി അനുപാതം ക്രമീകരിക്കുന്നതിനായി പ്രഖ്യാപിച്ച സ്വദേശിവത്കരണ നടപടികള്‍ കുവൈത്തില്‍ പുരോഗമിക്കുകയാണ്. 

കുവൈത്ത് സിറ്റി: കുവൈത്തിലെ സര്‍ക്കാര്‍ മേഖലയില്‍ നിന്ന് 2089 പ്രവാസികളെക്കൂടി ഒഴിവാക്കി. സിവില്‍ സര്‍വീസ് കമ്മീഷന്‍ പുറത്തുവിട്ട ഈ വര്‍ഷം മാര്‍ച്ച് മുതല്‍ ഓഗസ്റ്റ് വരെയുള്ള കണക്കുകളിലാണ് ഈ വിവരമുള്ളത്. ഇതേ കാലയലളവില്‍ 10,780 സ്വദേശികളെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിയമിച്ചതായും കണക്കുകള്‍ വ്യക്തമാക്കുന്നു.

ജനസംഖ്യ അനുസരിച്ചുള്ള സ്വദേശി - വിദേശി അനുപാതം ക്രമീകരിക്കുന്നതിനായി പ്രഖ്യാപിച്ച സ്വദേശിവത്കരണ നടപടികള്‍ കുവൈത്തില്‍ പുരോഗമിക്കുകയാണ്. വിവിധ മന്ത്രാലയങ്ങളിലും വകുപ്പുകളിലും സര്‍ക്കാര്‍ ഏജന്‍സികളിലും ഈ വര്‍ഷം മാര്‍ച്ച് 24ന് 71,600 പ്രവാസികളാണുണ്ടായിരുന്നത്. ഓഗസ്റ്റ് 17ലെ കണക്കുകള്‍ പ്രകാരം ഇത് 69,511 ആയി കുറഞ്ഞു. അതേസമയം സ്വദേശി ജീവനക്കാരുടെ എണ്ണം 3,08,409ല്‍ നിന്ന് 3,19,189 ആയി ഉയരുകയും ചെയ്‍തു. ആരോഗ്യ രംഗത്തെ പ്രവാസികളുടെ എണ്ണത്തില്‍ ഇക്കാലയളവില്‍ 602 പേരുടെയും അധ്യാപക ജോലികളില്‍ 698 പേരുടെയും കുറവുണ്ടായി. അതേസമയം നിയമം, ഇസ്ലാമികകാര്യം തുടങ്ങിയ വിഭാഗങ്ങളില്‍ പ്രവാസികളുടെ എണ്ണം വര്‍ദ്ധിച്ചുവെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona