മനാമ: ബഹ്റൈനില്‍ 212 പേര്‍ക്ക് കൂടി പുതിയതായി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 206 പേരും രാജ്യത്ത് ജോലി ചെയ്യുന്ന പ്രവാസികളാണ്. നേരത്തെ രോഗം സ്ഥിരീകരിച്ചവരുമായി ബന്ധമുണ്ടായിരുന്നവരാണ് മറ്റ് ആറ് പേര്‍.

കഴിഞ്ഞ 24 മണിക്കൂറിനിടെ 3321 പ്രവാസികളെ പരിശോധനയ്ക്ക് വിധേയമാക്കിയതില്‍ നിന്നാണ് ഇത്രയും രോഗബാധിതരെ കണ്ടെത്തിയതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ബഹ്റൈനില്‍ ഇതുവരെ 1348 പേര്‍ക്കാണ് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചത്. ഇവരില്‍ 591 പേര്‍ ഇതിനോടകം സുഖം പ്രാപിച്ചു. 751 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. ആറ് പേര്‍ മരണപ്പെടുകയും ചെയ്തു. രോഗബാധിതരെ കണ്ടെത്താന്‍ വിദേശി തൊഴിലാളികളുടെ താമസ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചും അധികൃതര്‍ പരിശോധനകള്‍ നടത്തിവരുന്നുണ്ട്.