ബോട്ടിനുള്ളില്‍ രഹസ്യ അറകളുണ്ടാക്കി മരം കൊണ്ട് അടച്ചാണ് ഇവ ഖാലിദ് തുറമുഖത്ത് എത്തിച്ചതെന്ന് ലഹരിമരുന്ന് വിഭാഗം ഡയറക്ടര്‍ ലഫ്. കേണല്‍ മജിദ് അല്‍ ആസാം പറഞ്ഞു.

ഷാര്‍ജ: ഷാര്‍ജയില്‍ ചരക്ക് ബോട്ടില്‍ രാജ്യത്തേക്ക് കടത്താന്‍ ശ്രമിച്ച 216 കിലോയിലധികം ലഹരിമരുന്ന് പിടിച്ചെടുത്തു. ക്രിസ്റ്റല്‍ മെത്ത്, ഹെറോയിന്‍, കറുപ്പ് എന്നിവ ഉള്‍പ്പെടെ മൂന്നര കോടി ദിര്‍ഹം വിലമതിക്കുന്ന ലഹരിമരുന്നാണ് ഷാര്‍ജ ലഹരിമരുന്ന് വിരുദ്ധ വിഭാഗം പിടിച്ചെടുത്തത്. ബോട്ടിലുണ്ടായിരുന്ന ആറുപേരെ അറസ്റ്റ് ചെയ്തു. 

ബോട്ടിനുള്ളില്‍ രഹസ്യ അറകളുണ്ടാക്കി മരം കൊണ്ട് അടച്ചാണ് ഇവ ഖാലിദ് തുറമുഖത്ത് എത്തിച്ചതെന്ന് ലഹരിമരുന്ന് വിഭാഗം ഡയറക്ടര്‍ ലഫ്. കേണല്‍ മജിദ് അല്‍ ആസാം പറഞ്ഞു. 209 കിലോ ക്രിസ്റ്റല്‍ മെത്ത്, 6.7 കിലോ ഹെറോയിന്‍, കറുപ്പ് എന്നിവ അടങ്ങിയ ബാഗുകളും കവറുകളും ഉള്‍പ്പെടുന്ന വിവിധ വലിപ്പത്തിലുള്ള 182ലധികം ക്യാനുകള്‍ ഈ അറകള്‍ക്കുള്ളില്‍ നിന്ന് കണ്ടെത്തി. 3.5കോടി ദിര്‍ഹം വിലമതിക്കുന്ന മയക്കുമരുന്ന് ശേഖരമാണ് പിടിച്ചെടുത്തത്. പ്രതികള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. തുടരന്വേഷണത്തിനായി പ്രതികളെ ഷാര്‍ജ പൊലീസ് ആസ്ഥാനത്തെ ലഹരിമരുന്ന് വിരുദ്ധ വിഭാഗത്തിന് കൈമാറിയതായി ലഫ് കേണല്‍ അല്‍ ആസാം പറഞ്ഞു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona