Asianet News MalayalamAsianet News Malayalam

പരിശോധനയില്‍ പിടിയിലായ 2739 പ്രവാസികളെ നാടുകടത്തി

അനധികൃതമായി രാജ്യത്ത് താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന പ്രവാസികളെ കണ്ടെത്താന്‍ വ്യാപക പരിശോധനയാണ് അധികൃതര്‍ നടത്തുന്നത്. 

2739 expats caught during inspections deported from kuwait
Author
Kuwait City, First Published Oct 19, 2021, 11:20 PM IST

കുവൈത്ത് സിറ്റി: കുവൈത്തില്‍ (Kuwait) സെപ്‍റ്റംബര്‍ മുതല്‍ നടന്നുവരുന്ന പരിശോധനകളില്‍ പിടിയിലായ 2739 പ്രവാസികളെ നാടുകടത്തി (Deported). സെപ്‍റ്റംബര്‍ ഒന്ന് മുതല്‍ ഒക്ടോബര്‍ 17 വരെയുള്ള കണക്കുകളാണിത്. കുവൈത്ത് ആഭ്യന്തര മന്ത്രി (Miniter for Interior) ശൈഖ് തമര്‍ അല്‍ അലിയുടെ നിര്‍ദേശപ്രകാരം ആഭ്യന്തര മന്ത്രാലയം അണ്ടര്‍സെക്രട്ടറി ലെഫ്. ജനറല്‍ ശൈഖ് ഫൈസല്‍ അല്‍ നവാഫിന്റെ മേല്‍നോട്ടത്തിലാണ് നടപടികള്‍.

അനധികൃതമായി രാജ്യത്ത് താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന പ്രവാസികളെ കണ്ടെത്താന്‍ വ്യാപക പരിശോധനയാണ് അധികൃതര്‍ നടത്തുന്നത്. തൊഴില്‍ നിയമങ്ങളും താമസ നിയമങ്ങളും ലംഘിക്കുന്നവരെ പിടികൂടുകയും തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി നാടുകടത്തുകയുമാണ് ചെയ്യുന്നത്. 1657 പേരെ സെപ്റ്റംബര്‍ മാസത്തില്‍ നാടുകടത്തിയപ്പോള്‍ ഒക്ടോബര്‍ ഒന്ന് മുതല്‍ 17 വരെയുള്ള കാലയളവില്‍ മാത്രം 1082 പേരെ നാടുകടത്തിയതായി ഔദ്യോഗിക രേഖകള്‍ വ്യക്തമാക്കുന്നു. പിടിയിലാവുന്നവര്‍ക്കെതിരായ നടപടികള്‍ വേഗത്തിലാക്കണമെന്ന് നേരത്തെ ആഭ്യന്തര മന്ത്രി നിര്‍ദേശം നല്‍‌കിയിരുന്നു. നാടുകടത്തപ്പെട്ട പ്രവാസികളുടെ രാജ്യം തിരിച്ചുള്ള കണക്കുകള്‍ അധികൃതര്‍‌ പുറത്തുവിട്ടിട്ടില്ല. നിയമലംഘകര്‍ക്ക് രേഖകള്‍ ശരിയാക്കി താമസവും ജോലിയും നിയമവിധേയമാക്കാന്‍ നേരത്തെ അവസരം നല്‍കിയിരുന്നു. ഇതിനുള്ള സമയപരിധി അവസാനിച്ചതിന് പിന്നാലെയാണ് വ്യാപക പരിശോധന തുടങ്ങിയത്.

Follow Us:
Download App:
  • android
  • ios