ദുബായ്: അമ്പത് ദിവസത്തെ കാത്തിരിപ്പിനൊടുവില്‍ സൗദിയില്‍ കുടുങ്ങിയ യുഎഇ സ്വദേശിയായ മൂന്നുവയസ്സുകാരി മാതാപിതാക്കളുടെ അടുത്ത് തിരിച്ചെത്തി. ഗാലിയ മുഹമ്മദ് അല്‍അമൂദിയാണ് ഏറെ നാളുകള്‍ക്ക് ശേഷം ദുബായിലുള്ള മാതാപിതാക്കളുടെ അടുത്തെത്തിയത്.

മാര്‍ച്ച് ആദ്യം വല്യുമ്മയ്‌ക്കൊപ്പം ദുബായില്‍ നിന്ന് സൗദിയിലെ ദമാമിലേക്ക് പോയതാണ് ഗാലിയ. രണ്ടുദിവസത്തിന് ശേഷം ഗാലിയയുടെ മാതാവും ദമാമിലേക്ക് പോകാനിരുന്നതാണ്. എന്നാല്‍ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ യുഎഇയിലേക്കും തിരിച്ചുമുള്ള  വിമാനസര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചതോടെ മാതാവിന്റെ യാത്ര മുടങ്ങുകയും കുട്ടി ദമാമില്‍ കുടുങ്ങുകയുമായിരുന്നു.

മാതാപിതാക്കളെ പിരിഞ്ഞിരിക്കേണ്ടി വന്ന മൂന്നുവയസ്സുകാരിയുടെ മടക്കയാത്രയ്ക്ക് വേണ്ടി സൗദി അറേബ്യയിലെ യുഎഇ എംബസിയുമായും സൗദിയിലെ ബന്ധപ്പെട്ട വകുപ്പുകളുമായും യുഎഇ വിദേശ മന്ത്രാലയം ഏകോപനം നടത്തി. ഇതേ തുടര്‍ന്ന് 50 ദിവസങ്ങള്‍ക്ക് ശേഷം ഗാലിയയ്ക്ക് മാതാപിതാക്കളുടെ അടുത്തെത്താന്‍ അവസരമൊരുങ്ങുകയായിരുന്നു. സൗദി അധികൃതരുമായി സഹകരിച്ച് യുഎഇ ഗവണ്‍മെന്റ് ഗാലിയയുടെ മടക്കയാത്രയ്ക്ക് പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ ഗാലിയയുടെയും മാതാപിതാക്കളുടെയും കാത്തിരിപ്പിന് വിരാമമായി.