അബുദാബി: യുഎഇ പൗരന്മാര്‍ക്കിടയില്‍ കൊവിഡ് വ്യാപനത്തില്‍ 30 ശതമാനം വര്‍ദ്ധനവ്. ആരോഗ്യ മന്ത്രി അബ്‍ദുല്‍ റഹ്‍മാന്‍ ബിന്‍ മുഹമ്മദ് അല്‍ ഉവൈസിനെ ഉദ്ധരിച്ച് യുഎഇയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. സുരക്ഷാ മുന്‍കരുതലുകള്‍ അവഗണിച്ച് ആളുകള്‍ ഒത്തുചേരുന്നതാണ് ഇതിന് കാരണമെന്നും മന്ത്രി പറഞ്ഞു.

കൊവിഡ് സംബന്ധിച്ച വിവരങ്ങള്‍ വിശദീകരിക്കാനായി വ്യാഴാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മന്ത്രി രോഗവ്യാപനത്തിന്റെ അവസ്ഥ വിശദീകരിച്ചത്. തുടര്‍ച്ചയായ നാല് ദിവസം കൊവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടാതിരുന്ന യുഎഇയില്‍ കഴിഞ്ഞ ദിവസം ഒരാള്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. സാമൂഹികമായ കൂട്ടായ്‍മകള്‍ പാരമ്പര്യത്തിന്റെ ഭാഗമാണെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തില്‍ സ്വന്തം സുരക്ഷയും മറ്റുള്ളവരുടെ സുരക്ഷിതത്വവും കണക്കിലെടുത്ത് അവ ഒഴിവാക്കി സാമൂഹിക അകലം പാലിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.