തിരുവനന്തപുരം: പ്രതീക്ഷയോടെ കാത്തിരുന്ന പ്രവാസികളുടെ മടക്കം വ്യാഴാഴ്ച മുതല്‍ ആരംഭിക്കുമ്പോള്‍ ആദ്യ ആഴ്ച കേരളത്തില്‍ എത്തുന്നത് 3150 പ്രവാസികള്‍. കൊച്ചി ,കോഴിക്കോട് വിമാനത്താവളങ്ങളിലേക്കാണ് കൂടുതല്‍ സര്‍വ്വീസുകള്‍. തിരുവനന്തപുരത്തേക്കുളള ആദ്യ വിമാനം ഞായറാഴ്ചയെത്തും.

വ്യാഴാഴ്ച നാല് വിമാനങ്ങളിലായി 800 പ്രവാസികള്‍ നാട്ടിലെത്തും.ദുബായില്‍ നിന്ന് രണ്ട് വിമാനങ്ങളും സൗദിയില്‍ നിന്നും ഖത്തറില്‍ നിന്നും ഓരോ വിമാനങ്ങള്‍ വീതവുമാണ് എത്തുന്നത്. ദുബായില്‍ നിന്നുളള ഒരു സര്‍വ്വീസും ഖത്തറില്‍ നിന്നുളള സര്‍വ്വീസും കൊച്ചി വിമാനത്താവളത്തിലേക്കും,മറ്റ് രണ്ട് സര്‍വ്വീസുകള്‍ കോഴിക്കോടേക്കുമാണുളളത്. ആദ്യ ആഴ്ച  ഏഴ് രാജ്യങ്ങളില്‍ നിന്നുളളവരാണ് നാട്ടിലെത്തുന്നത്.

ദുബായ്, സൗദി, ഖത്തര്‍, ബഹറൈന്‍,കുവൈത്ത്, ഒമാന്‍, മലേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് 3150 പേരാണ് ജന്മനാട്ടിലേക്ക് തിരിച്ചെത്തുന്നത്. കൂടുതല്‍ പേരെത്തുന്നത് കൊച്ചിയിലാണ്.കോഴിക്കോട് 800 പേരും തിരുവനന്തപുരത്ത് 200 പേരുമാണ് ആദ്യ ആഴ്ച എത്തുന്നത്. ബ്രിട്ടനില്‍ നിന്നും അമേരിക്കയില്‍ നിന്നും മലയാളികള്‍ വരുന്നുണ്ടെങ്കിലും അവര്‍ ആദ്യ ഘട്ടത്തില്‍ ദില്ലി അടക്കം മറ്റ് സ്ഥലങ്ങളിലേക്കാണ് എത്തുന്നത്. 

മടങ്ങിയെത്തുന്ന പ്രവാസികളെ പരിശോധിക്കാന്‍ വിമാനത്താവളങ്ങളില്‍ തന്നെ ക്രമീകരണങ്ങള്‍ ഒരുക്കുമെന്ന് മന്ത്രി എ സി മൊയ്തീന്‍ പറഞ്ഞു.  മുന്‍ഗണന അനുസരിച്ചാണ് പ്രവാസികളെ തിരികെയെത്തിക്കുക. വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ സൗകര്യമില്ലാത്തവര്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വേണ്ട സംവിധാനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.

ഇത് ഏകോപിപ്പിക്കാനായി അധ്യാപകരുടെ സേവനം ഉള്‍പ്പെടെ  ഉപയോഗപ്പെടുത്തുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. ആവശ്യമെങ്കില്‍ പരിശീലനം നല്‍കിയ കൂടുതല്‍ സന്നദ്ധ പ്രവര്‍ത്തകരെ ഉപയോഗപ്പെടുത്തും. ജോലി നഷ്ടപെട്ട് നാട്ടില്‍ മടങ്ങിയെത്തുന്നവരെ പുനരധിവസിപ്പിക്കുന്ന കാര്യം ഗൗരവമായി പരിഗണിക്കുകയാണ്. ഇതിനുള്ള പദ്ധതികള്‍ ആലോചനയിലാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 

പ്രവാസികളെ വിമാനത്താവളങ്ങളില്‍ പരിശോധിക്കും, ജോലി നഷ്ടപ്പെട്ടവരുടെ പുനരധിവാസം പരിഗണനയിലെന്ന് എ സി മൊയ്തീന്‍

13 രാജ്യങ്ങൾ, 64 വിമാനങ്ങൾ ; പ്രവാസി മടക്കത്തിന്‍റെ ആദ്യഘട്ടത്തിന് വൻ പദ്ധതി