ഏഴ് ബിസിനസ്സുകാര്‍, 12 ബാങ്ക് ജീവനക്കാര്‍, ഒരു പൊലീസ് ഓഫീസര്‍, അഞ്ച് സ്വദേശികള്‍, രണ്ട് വിദേശികള്‍ എന്നിവരാണ് അറസ്റ്റിലായത്.

റിയാദ്: സൗദി അറേബ്യയില്‍ ആയിരത്തിലേറെ കോടി റിയാല്‍ നിയമവിരുദ്ധ മാര്‍ഗങ്ങളിലൂടെ വിദേശത്തേക്ക് അയച്ച കേസില്‍ 32 പേരെ അറസ്റ്റ് ചെയ്തു. 1160 കോടി റിയാലിന്റെ അഴിമതിയാണ് കണ്ടെത്തിയത്. 98 ലക്ഷം റിയാല്‍ നിക്ഷേപിക്കാന്‍ ബാങ്കിലെത്തിയപ്പോഴാണ് സംഘത്തിലെ അഞ്ചുപേരെ അറസ്റ്റ് ചെയ്തത്. 

ഏഴ് ബിസിനസ്സുകാര്‍, 12 ബാങ്ക് ജീവനക്കാര്‍, ഒരു പൊലീസ് ഓഫീസര്‍, അഞ്ച് സ്വദേശികള്‍, രണ്ട് വിദേശികള്‍ എന്നിവരാണ് അറസ്റ്റിലായത്. വന്‍തുക വിദേശത്തേക്ക് അയയ്ക്കാന്‍ സഹായിച്ച ബാങ്ക് ജീവനക്കാരന്‍ കൈക്കൂലി വാങ്ങിയതായും കണ്ടെത്തി. സൗദി സെന്‍ട്രല്‍ ബാങ്കുമായി സഹകരിച്ചാണ് സംഘത്തെ കുടുക്കിയത്. സംഘത്തില്‍പ്പെട്ട അഞ്ചുപേരെ പിടികൂടുന്ന ദൃശ്യങ്ങള്‍ കണ്‍ട്രോള്‍ ആന്‍ഡ് ആന്റി കറപ്ഷന്‍ കമ്മീഷന്‍ പുറത്തുവിട്ടു. അഴിമതി, തട്ടിപ്പ്, സാമ്പത്തിക നേട്ടത്തിന് വേണ്ടി പദവി ദുരുപയോഗം ചെയ്യല്‍, കള്ളപ്പണം വെളുപ്പിക്കല്‍ എന്നിവയാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍.