അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് രൂപീകരിച്ച 'ബോർഡ് ഓഫ് പീസ്' സമിതിയിൽ അംഗമാകുമെന്ന് കുവൈത്ത്. 'ബോർഡ് ഓഫ് പീസിൽ' കുവൈത്ത് അംഗമാകുമെന്ന് വിദേശകാര്യ മന്ത്രാലയം ബുധനാഴ്ച പ്രസ്താവനയിലൂടെ അറിയിച്ചു.
കുവൈത്ത് സിറ്റി: ഗാസയുടെ പുനർനിർമ്മാണത്തിനും സമാധാനത്തിനുമായി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് രൂപീകരിച്ച 'ബോർഡ് ഓഫ് പീസ്' എന്ന സമിതിയിലേക്ക് കുവൈത്തിനെ ക്ഷണിച്ചതിനെ വിദേശകാര്യ മന്ത്രാലയം സ്വാഗതം ചെയ്തു. കുവൈത്ത് അമീർ ശൈഖ് മിഷാൽ അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹിനെയാണ് ട്രംപ് ഈ സമിതിയിലേക്ക് ഔദ്യോഗികമായി ക്ഷണിച്ചത്.
'ബോർഡ് ഓഫ് പീസിൽ' കുവൈത്ത് അംഗമാകുമെന്ന് വിദേശകാര്യ മന്ത്രാലയം ബുധനാഴ്ച പ്രസ്താവനയിലൂടെ അറിയിച്ചു. കുവൈത്തിലെ ഭരണഘടനാപരവും നിയമപരവുമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ഉടൻ തന്നെ ഇതിനായുള്ള രേഖകളിൽ ഒപ്പിടും. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ പ്രസിഡന്റ് ട്രംപ് നടത്തുന്ന ശ്രമങ്ങളെ കുവൈത്ത് പ്രശംസിച്ചു. ഗസായിലെ സംഘർഷം അവസാനിപ്പിക്കാൻ യുഎൻ സുരക്ഷാ കൗൺസിൽ പാസാക്കിയ 2803-ാം നമ്പർ പ്രമേയത്തിന്റെ അടിസ്ഥാനത്തിലുള്ള ഈ പദ്ധതിയെ കുവൈത്ത് പൂർണ്ണമായി പിന്തുണയ്ക്കുന്നു. ഈ ബോർഡിൽ ചേരുന്നതിലൂടെ വലി ലക്ഷ്യങ്ങൾ കൈവരിക്കാനാകുമെന്ന് കുവൈത്ത് പ്രതീക്ഷിക്കുന്നു.
ഗാസയിൽ സ്ഥിരമായ വെടിനിർത്തൽ ഉറപ്പാക്കുക. യുദ്ധത്തിൽ തകർന്ന ഗാസയുടെ പുനർനിർമ്മാണത്തിന് ആവശ്യമായ പിന്തുണ നൽകുക. പലസ്തീൻ ജനതയുടെ സ്വയം നിർണ്ണയാവകാശത്തെയും സ്വതന്ത്ര രാജ്യം എന്ന സ്വപ്നത്തെയും പിന്തുണയ്ക്കുക, അന്താരാഷ്ട്ര നിയമങ്ങളുടെ അടിസ്ഥാനത്തിൽ മേഖലയിൽ സുസ്ഥിരമായ സമാധാനവും സുരക്ഷയും സ്ഥാപിക്കുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ.


