അബുദാബി: യുഎഇയില്‍ കുടുങ്ങിയ 371 ഇന്തോനേഷ്യന്‍ പൗരന്മാര്‍ ഇന്ന് നാട്ടിലേക്ക് മടങ്ങി. അബുദാബിയില്‍ നിന്നും ദുബായില്‍ നിന്നുമായി രണ്ട് പ്രത്യേക വിമാനങ്ങളിലായിരുന്നു മടക്കം. ഇവരില്‍ 204 പേര്‍ ആഢംബര കപ്പലുകളിലെ ജീവനക്കാരാണ്. സന്ദര്‍ശക വിസകളിലെത്തി കുടുങ്ങിയവരും ശമ്പളമില്ലാത്ത അവധിയില്‍ നാട്ടിലേക്ക് പോകാന്‍ നിര്‍ബന്ധിതരായവരും ജോലി നഷ്ടമായവരുമായിരുന്നു 167 പേര്‍.

കൊവിഡ് കാലത്ത് യുഎഇയിലും അബുദാബിയിലുമെത്തിയ നാല് ആഢംബര കപ്പലുകളിലെ 215 ജീവനക്കാരാണ് നാട്ടിലേക്ക് മടങ്ങാനാവാതെ കുടുങ്ങിയത്. ഇവരില്‍ 11 പേര്‍ ജോലിയില്‍ തന്നെ തുടരാന്‍ തീരുമാനിക്കുകയായിരുന്നു. ബാക്കിയുള്ളവരാണ് നാട്ടിലേക്ക് മടങ്ങിയത്. അബുദാബിയിലെ ഇന്തോനേഷ്യന്‍ എംബസിയും ദുബായിലെ ഇന്തോനേഷ്യന്‍ കോണ്‍സുലേറ്റും മുന്‍കൈയെടുത്താണ് യുഎഇ അധികൃതരുടെ സഹായത്തോടെ ഇവരെ നാട്ടിലേക്ക് അയക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയത്. വ്യാഴാഴ്ച രാത്രി അബുദാബിയില്‍ നിന്ന് ഗരുഡ ഇന്തോനേഷ്യന്‍ എയര്‍ലൈന്‍സിന്റെയും ദുബായില്‍ നിന്ന് ഇത്തിഹാദിന്റെയും പ്രത്യേക വിമാനങ്ങളിലാണ് ഇവര്‍ മടങ്ങിയത്. 

യാത്രയ്ക്ക് മുമ്പ് എല്ലാവരെയും വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കി രോഗമില്ലെന്ന് സ്ഥിരീകരിച്ചിരുന്നു. യുഎഇ അധികൃതര്‍ സൗജന്യമായാണ് കൊവിഡ് ടെസ്റ്റ് നടത്തിയത്. യുഎഇ ഭരണകൂടത്തിനും പൊലീസ്, പോര്‍ട്ട്സ്, ആരോഗ്യ, വിദേശകാര്യ വകുപ്പുകള്‍ക്കും ഇന്തോനേഷ്യന്‍ അംബാസഡര്‍ നന്ദി അറിയിച്ചു.