Asianet News MalayalamAsianet News Malayalam

യുഎഇയില്‍ ഈ വര്‍ഷം മാത്രം 38 ലക്ഷം പേര്‍ വി.പി.എന്‍ ഡൗണ്‍ലോഡ് ചെയ്‍തതായി റിപ്പോര്‍ട്ടുകള്‍

8 ലക്ഷം  ഡൗണ്‍ലോഡുകളുള്ള ഖത്തറില്‍ 27.9 ശതമാനമാണ് ഉപയോഗ നിരക്ക്. ഒമാനില്‍ 23.8 ശതമാനവും. സൗദി അറേബ്യയില്‍ 54 ലക്ഷം പേരും കുവൈത്തില്‍ 5.5 ലക്ഷം പേരും വി.പി.എന്‍ ഉപയോഗിക്കുന്നു. ജനസംഖ്യാ അനുപാതിക കണക്കില്‍ യുഎഇയിലാണ് ഏറ്റവും ഉയര്‍ന്ന ഉപയോഗ നിരക്ക്.

38 lakhs of UAE residents have downloaded VPN in 2020
Author
Dubai - United Arab Emirates, First Published Nov 5, 2020, 11:25 AM IST

ദുബൈ: ഗള്‍ഫ് രാജ്യങ്ങളില്‍ വി.പി.എന്‍ ഉപയോഗ നിരക്ക് 23.8 ശതമാനമെന്ന് റിപ്പോര്‍ട്ട്. അറബ് രാജ്യങ്ങളില്‍ യുഎഇയിലാണ് ഏറ്റവുമധികം വി.പി.എന്‍ ഉപയോഗം നടക്കുന്നത്. തൊട്ടുപിന്നില്‍ ഖത്തര്‍, ഒമാന്‍, സൗദി അറേബ്യ, കുവൈത്ത് എന്നീ രാജ്യങ്ങളും. അറ്റ്ലസ് വി.പി.എന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുള്ളത്.

ഓണ്‍ലൈന്‍ സേവനങ്ങള്‍ ഉപയോഗിക്കുമ്പോള്‍ യഥാര്‍ത്ഥ ഐ.പി അഡ്രസ് മറച്ചുവെക്കാനാണ് വി.പി.എന്‍ സേവനങ്ങള്‍ ഉപയോഗിക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ ഉപയോക്താക്കളുടെ ഓണ്‍ലൈന്‍ ഇടപെടലുകള്‍ നിരീക്ഷിക്കാനാവില്ല. 2020ന്റെ ആദ്യ പകുതിയില്‍ യുഎഇയില്‍ 38.2 ലക്ഷം പേര്‍ വി.പി.എന്‍  ഡൗണ്‍ലോഡ് ചെയ്ത‍തായാണ് റിപ്പോര്‍ട്ടുകള്‍. ജനസംഖ്യയുടെ 38.7 ശതമാനമാണ് ഉപയോഗ നിരക്ക്. അറബ് രാജ്യങ്ങളിലും ആഗോള തലത്തിലും ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

8 ലക്ഷം  ഡൗണ്‍ലോഡുകളുള്ള ഖത്തറില്‍ 27.9 ശതമാനമാണ് ഉപയോഗ നിരക്ക്. ഒമാനില്‍ 23.8 ശതമാനവും. സൗദി അറേബ്യയില്‍ 54 ലക്ഷം പേരും കുവൈത്തില്‍ 5.5 ലക്ഷം പേരും വി.പി.എന്‍ ഉപയോഗിക്കുന്നു. ജനസംഖ്യാ അനുപാതിക കണക്കില്‍ യുഎഇയിലാണ് ഏറ്റവും ഉയര്‍ന്ന ഉപയോഗ നിരക്ക്. അതേസമയം ഇന്റര്‍നെറ്റ് ദുരുപയോഗത്തിനെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുന്ന രാജ്യം കൂടിയാണ് യുഎഇ.

ഇന്റര്‍നെറ്റ് വഴിയുള്ള വോയിസ്, വീഡിയോ സംവിധാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളാണ് വി.പി.എന്‍ ഉപയോഗം കൂടാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം വി.പി.എന്‍ ഉപയോഗം നിയമവിരുദ്ധമാണോയെന്ന കാര്യത്തിലും പലര്‍ക്കും സംശയമുണ്ട്. കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ബാങ്കുകള്‍ക്കുമൊക്കെ വി.പി.എന്‍ സംവിധാനം ഉപയോഗിക്കാമെന്നാണ് യുഎഇ ടെലി കമ്മ്യൂണിക്കേഷന്‍ അതോരിറ്റി അറിയിച്ചിട്ടുള്ളത്.

വി.പി.എന്‍ ഉപയോഗം യുഎഇയില്‍ നിയമവിരുദ്ധമല്ലെങ്കിലും അതിന് ചില മാര്‍ഗനിര്‍ദേശങ്ങളുണ്ടെന്നാണ് നിയമവിദഗ്ധരുടെ അഭിപ്രായം. നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ക്കോ രാജ്യത്തെ നിയമപ്രകാരം കുറ്റകരമായ കാര്യങ്ങള്‍ക്കോ വി.പി.എന്‍ ഉപയോഗിക്കാന്‍ പാടില്ല. രാജ്യത്ത് വിലക്കുള്ള വെബ്സൈറ്റുകളിലേക്ക് പ്രവേശിക്കാനോ കോളിങ് പ്ലാറ്റ്ഫോമുകള്‍ ഉപയോഗിക്കാനോ ഗെയിമുകള്‍ പ്രവര്‍ത്തിപ്പിക്കാനോ വി.പി.എന്‍ ഉപയോഗിക്കാന്‍ പാടില്ലെന്നാണ് നിയമരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ അഭിപ്രായപ്പെടുന്നത്.

Follow Us:
Download App:
  • android
  • ios