ഇഫ്‍താര്‍ സംഗമങ്ങള്‍ സംഘടിപ്പിച്ചവരെയും ചടങ്ങുകളില്‍ പങ്കെടുത്തവരെയും തുടര്‍ നടപടികള്‍ക്കായി എമര്‍ജന്‍സി, ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ പ്രോസിക്യൂഷന് കൈമാറിയിയതായി അബുദാബി പൊലീസ് അറിയിച്ചു. 

അബുദാബി: നിയമം ലംഘിച്ച് സംഘടിപ്പിച്ച 39 ഇഫ്‍താര്‍ സംഗമങ്ങള്‍ തടഞ്ഞതായി അബുദാബി അധികൃതര്‍ അറിയിച്ചു. റമദാന്റെ തുടക്കം മുതലുള്ള കണക്കാണിത്. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ആളുകള്‍ കൂടുന്ന എല്ലാ പരിപാടികള്‍ക്കും യുഎഇയില്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണിപ്പോള്‍.

ഇഫ്‍താര്‍ സംഗമങ്ങള്‍ സംഘടിപ്പിച്ചവരെയും ചടങ്ങുകളില്‍ പങ്കെടുത്തവരെയും തുടര്‍ നടപടികള്‍ക്കായി എമര്‍ജന്‍സി, ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ പ്രോസിക്യൂഷന് കൈമാറിയിയതായി അബുദാബി പൊലീസ് അറിയിച്ചു. ഇഫ്‍താര്‍ സംഗമങ്ങളോ മറ്റ് ചടങ്ങുകളോ ഇപ്പോള്‍ സംഘടിപ്പിക്കുന്നത് യുഎഇയില്‍ നിയമവിരുദ്ധമാണ്. കൊവിഡ് വ്യാപനം തടയാനായി ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ എല്ലാവരും പാലിക്കണമെന്നും പൊലീസ് അഭ്യര്‍ത്ഥിച്ചു. 

പരിപാടികള്‍ സംഘടിപ്പിക്കുന്നവര്‍ക്ക് 10,000 ദിര്‍ഹവും പങ്കെടുക്കുന്ന ഓരോരുത്തര്‍ക്കും 5000 ദിര്‍ഹം വീതവുമാണ് പിഴ ചുമത്തുന്നത്. ഇത്തരം സംഗമങ്ങള്‍ പൊതുജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് ഭീഷണിയാണ്. റമദാന്‍ മാസത്തില്‍ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഒത്തുചേരുന്നത് പാരമ്പര്യത്തിന്റെ ഭാഗമാണെങ്കിലും മഹാമാരിയെ തുടച്ചുനീക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി അതിന് സമ്പൂര്‍ണ നിരോധനമാണ് ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും പൊലീസ് ഓര്‍മിപ്പിച്ചു.