റിയാദ്: സൗദി പൗരന്മാർക്ക് വേണ്ടി സംവരണം ചെയ്തിരുന്ന തസ്തികകളിൽ ജോലി ചെയ്ത വിദേശികൾ പിടിയിലായി. റിയാദിൽ മൊബൈൽ ഫോൺ വിൽപന കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിലാണ് 41 വിദേശി തൊഴിലാളികൾ പിടിയിലായത്. 

തൊഴിൽ മന്ത്രാലയ ഉദ്യോഗസ്ഥർ റിയാദിലെ പ്രധാന മൊബൈൽ ഫോൺ വിപണിയായ മുർസലാത്തിലാണ് പരിശോധന നടത്തിയത്. ഇവിടുത്തെ പ്രധാന മൊബൈൽ ഫോൺ മാർക്കറ്റ് സ്ഥിതി ചെയ്യുന്ന കെട്ടി സമുച്ചയത്തിൽ സ്വദേശികൾക്ക് സംവരണം ചെയ്ത മൊബൈൽ ഫോൺ വിൽപന, റിപ്പയറിങ് ജോലികളിലേർപ്പെട്ട വിദേശികളെ ഉടൻ അറസ്റ്റ് ചെയ്യുകയായിരുന്നെന്ന് മന്ത്രാലയ വക്താവ് ഖാലിദ് അബാഖൈൽ പറഞ്ഞു.

പൊലീസിന്റെ സഹായത്തോടെ സമീപത്തെ മറ്റ് കടകളിലും ഗോഡൗണുകളിലും പരിശോധന നടത്തി. പിടിയിലായരെ തുടർനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പിന് കൈമാറി. സ്വദേശിവത്കരണ തീരുമാനം നടപ്പാക്കിയോ എന്ന് പരിശോധിക്കാൻ മൊബൈൽ കടകളിൽ ഇനിയും പരിശോധന തുടരുമെന്നും വക്താവ് പറഞ്ഞു.