കുവൈത്ത്: കുവൈത്തിൽ കൊവിഡ് ബാധിച്ച ഇന്ത്യക്കാരുടെ എണ്ണം നാൾക്കുനാൾ കൂടുകയാണ്. ഇന്ന് രോഗം സ്ഥിരീകരിച്ച എഴുപത്തഞ്ച് പേരിൽ നാൽപ്പത്തിരണ്ട് പേർ ഇന്ത്യക്കാരാണ്. ഇതോടെ കുവൈത്തിൽ കൊവിഡ് 19 ബാധിച്ച ഇന്ത്യക്കാരുടെ എണ്ണം നൂറ്റി പതിനഞ്ചായി.

ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ കുവൈത്തിൽ 75 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അൽ സനദ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതോടെ കുവൈത്തിൽ കോവിഡ് രോഗികളുടെ എണ്ണം 417 ആയി. 42 ഇന്ത്യക്കാർക്ക് പുതുതായി രോഗം കണ്ടെത്തിയതോടെ രാജ്യത്ത് കോവിഡ് ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം 115 ആയി ഉയർന്നു. 

സ്വദേശികൾ കഴിഞ്ഞാൽ കുവൈത്തിൽ ഏറ്റവും അധികമുള്ള വിദേശി സമൂഹമാണ് ഇന്ത്യൻ പൗരന്മാർ. അതു കൊണ്ട് തന്നെ കൊവിഡ് 19 ബാധിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം വർദ്ധിക്കുന്നത് സ്വദേശികളിലും വിദേശികളിലും ആശങ്കയുളവാക്കുന്നുണ്ട്. 42 ഇന്ത്യക്കാർക്ക് പുറമെ, 11 കുവൈത്ത് പൗരന്മാർ, 10 ബംഗ്ലാദേശ് പൗരന്മാർ, 8 ഈജിപ്ത് പൗരന്മാർ ഒരു നേപ്പാൾ പൗരൻ, ഒരു ഇറാഖി, ഒരു ഫിലിപ്പിനോ എന്നിങ്ങനെയാണ് പുതിയ രോഗികളുടെ രാജ്യം തിരിച്ചുള്ള കണക്ക്.

26 ഇന്ത്യക്കാർ, 4 കുവൈത്തികൾ, 3 ബംഗ്ലാദേശികൾ, മൂന്നു ഈജിപ്തുകാർ എന്നിവർക്ക് നേരത്തെ രോഗം ബാധിച്ചവരുമായുള്ള സമ്പർക്കം വഴിയാണ് വൈറസ് ബാധയേറ്റത്. നേരത്തെ ചികിത്സയിൽ ഉണ്ടായിരുന്നവരിൽ ഒരാൾ കൂടി രോഗമുക്തനായതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 82 ആയി. നിലവിൽ 335 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ പതിനാറു പേർ തീവ്രപരിചരണവിഭാഗത്തിലാണ്. 911 പേര് നിരീക്ഷണഘട്ടം പിന്നിട്ട് വീടുകളിലേക്ക് മടങ്ങിയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.