മസ്‍കത്ത്: കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഒമാനില്‍ 477 പ്രവാസികളെ  നാടുകടത്തിയതായി മാന്‍പവര്‍ മന്ത്രാലയം അറിയിച്ചു. തൊഴില്‍ നിയമലംഘനങ്ങളുടെ പേരിലാണ് നടപടി. ജനുവരി അഞ്ച് മുതല്‍ 18 വരെ നടത്തിയ പരിശോധകളിലാണ് ഇത്രയധികം പേര്‍ പിടിയിലായത്.

തൊഴില്‍ വിപണി നിയന്ത്രിക്കാനും നിയമലംഘനങ്ങള്‍ കണ്ടെത്താനും ലക്ഷ്യമിട്ട് മാന്‍പവര്‍ മന്ത്രാലയം സ്വീകരിക്കുന്ന നടപടികളുടെ ഭാഗമായാണ് പരിശോധന നടത്തിയത്.  മന്ത്രാലയത്തിന് കീഴിലുള്ള പരിശോധക സംഘം മസ്‍കത്ത് ഗവര്‍ണറേറ്റില്‍ മാത്രം നടത്തിയ ഇന്‍സ്‍പെക്ഷന്‍ ക്യാമ്പയിനിലാണ് 477 പ്രവാസികളെ അറസ്റ്റ് ചെയ്തതെന്ന് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു. തൊഴില്‍ നിയമങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടത് അത്യാവശ്യമാണെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി.