ഫുജൈറ: യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് ഫുജൈറ പൊലീസ് ട്രാഫിക് ഫൈനുകള്‍ക്ക് 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു. ഒപ്പം ബ്ലാക്ക് പോയിന്റുകള്‍ റദ്ദാക്കുമെന്നും വാഹനം പിടിച്ചെടുക്കുന്നതിനുള്ള ഫൈനുകള്‍ എഴുതിത്തള്ളുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.

ഫുജൈറ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് ബിന്‍ മുഹമ്മദ് അല്‍ ശര്‍ഖിയുടെ നിര്‍ദേശപ്രകാരമാണ് ഫൈനുകള്‍ റദ്ദാക്കാന്‍ പൊലീസ് തീരുമാനിച്ചത്. നവംബര്‍ 30ന് മുന്‍പ് ഫുജൈറ എമിറേറ്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള നിയമലംഘനങ്ങളാണ് ഇളവിന്റെ പരിധിയില്‍ വരുന്നത്. ഇളവോടുകൂടിയ തുക ഡിസംബര്‍ രണ്ടു മുതല്‍ ഫെബ്രുവരി രണ്ടു വരെ അടയ്ക്കാം. ദേശീയ ദിനാഘോഷങ്ങള്‍ നടക്കുന്ന വേളയില്‍ സാമ്പത്തിക ബാധ്യത കുറച്ച് പൊതുജനങ്ങള്‍ക്ക് സന്തോഷം പകരാന്‍ ലക്ഷ്യമിട്ടാണ് തീരുമാനമെന്ന് പൊലീസ് അറിയിച്ചു. പൊലീസ് സ്റ്റേഷനുകള്‍ വഴിയും മറ്റ് മാര്‍ഗങ്ങളിലൂടെയും പിഴ തുക സ്വീകരിക്കാനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.