അബുദാബി: അബുദാബിയില്‍ സര്‍വീസ് നടത്തുന്ന 520 പബ്ലിക് ബസുകളില്‍ ഇനി ഫ്രീ ഇന്റര്‍നെറ്റ് ലഭ്യമാവും. ഇന്റഗ്രേറ്റഡ് ട്രാന്‍സ്‍പോര്‍ട്ട് സെന്ററിന്റെ നേതൃത്വത്തില്‍ നടപ്പാക്കിയ പദ്ധതിയുടെ ആദ്യ ഘട്ടം ചൊവ്വാഴ്ച പൂര്‍ത്തിയായി. ആദ്യ ഘട്ടത്തില്‍ യുഎഇ തലസ്ഥാന നഗരത്തിലെ 410 ബസുകളിലും അല്‍ ഐന്‍ നഗരത്തിലെ 110 ബസുകളിലും യാത്രക്കാര്‍ക്ക് ഫ്രീയായി ഇന്റര്‍നെറ്റ് ലഭ്യമാവും.

യുഎഇയിലെ ടെലികോം കമ്പനിയായ ഡുവുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്. സേവനങ്ങളുടെ ഗുണമേന്മ വര്‍ദ്ധിപ്പിക്കാനും ജനങ്ങളുടെ സംതൃപ്തി ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് പുതിയ ഇന്റഗ്രേറ്റഡ് ട്രാന്‍സ്‍പോര്‍ട്ട് സെന്റര്‍ പുതിയ പദ്ധതി നടപ്പാക്കിയത്. കുടുതല്‍ ജനങ്ങളെ പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുകയെന്നതും ലക്ഷ്യമാണ്. കഴിഞ്ഞ വര്‍ഷം സെപ്‍തംബറിലാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. ബസുകള്‍ക്ക് പുറമെ ബസ് ഷെല്‍ട്ടറുകളിലും പ്രധാന ബസ് സ്റ്റേഷനുകളിലുമെല്ലാം ഫ്രീ വൈ ഫൈ ലഭ്യമാണ്.