മസ്കത്ത്: ഒമാനിൽ ഇന്ന് 62 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.  വൈറസ് ബാധിതരിൽ, 81 % പേരും മസ്കറ്റ് ഗവർണറേറ്റിൽ നിന്നുള്ളവരാണ്. പൊതു സുരക്ഷക്ക് മുൻഗണനയെന്നും ഒമാൻ സായുധ സേനയും റോയൽ ഒമാൻ പൊലീസും. ആശങ്കയൊഴിയാതെ പ്രവാസി മലയാളികൾ.

ഇന്ന് ഒമാനിൽ 62 പേർക്കാണ് കൊവിഡ് 19 ബാധ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ രാജ്യത്ത് 546 പേർക്ക് കൊറോണ വൈറസ് പിടിപെട്ടു കഴിഞ്ഞു. ഇതിൽ ഇരുന്നൂറിലധികം വിദേശികൾ ഉൾപ്പെടെ 440 രോഗികളും മസ്കറ്റ് ഗവര്ണറേറ്റിൽ നിന്നുമാണ് റിപ്പോർട് ചെയ്യപ്പെട്ടിരിക്കുന്നത്.

ഒമാനിലെ ബഹുഭൂരിപക്ഷം വരുന്ന മലയാളികളും മസ്കറ്റ് ഗവര്ണറേറ്റിലാണ് താമസിച്ചു വരുന്നത്. ഇതിനകം മത്രാ വിലയാത്തിൽ രണ്ടു കൊവിഡ് പരിശോധന കേന്ദ്രങ്ങൾ പ്രവർത്തനങ്ങൾ ആരംഭിച്ചുകഴിഞ്ഞു.  മത്രാ വിലായത്തിൽ താമസിച്ചുവരുന്ന എല്ലാ സ്വദേശികളും വിദേശികളും കോവിഡ് 19 പരിശോധനക്ക് വിധേയരാകണമെന്നു ഒമാൻ ആരോഗ്യ മന്ത്രി ഡോക്ടർ അഹമ്മദ് മൊഹമ്മദ് അൽ സൈദി ആവശ്യപ്പെട്ടിട്ടുണ്ട്. കൊവിഡ് 19 പരിശോധനയും , രോഗം കണ്ടെത്തിയാൽ ചികിത്സയും വിദേശികൾക്ക് സൗജന്യമാണെന്നും മന്ത്രാലയത്തിന്റെ അറിയിപ്പിൽ പറയുന്നു.