ഒരേ സമയം ഒന്നിലധികം വാഹനങ്ങളെ നിരീക്ഷിക്കുക വഴി പല ലേനുകളിലൂടെയുള്ള വാഹനങ്ങളുടെ നീരീക്ഷണം ഒറ്റ റഡാറില്‍ തന്നെ സാധ്യമാകും. 

അബുദാബി: സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി അബുദാബിയിലെ റോഡുകളില്‍ 700 അത്യാധുനിക റഡാറുകള്‍ കൂടി സ്ഥാപിക്കുന്നു. ഭാവിയിലേക്ക് കൂടി ആവശ്യമായ സങ്കേതിക മികവോടെയുള്ള ഉപകരണങ്ങള്‍ ലഭ്യമാക്കുന്നതിന് പ്രമുഖ സാങ്കേതിക സ്ഥാപനവുമായി ചേര്‍ന്നാണ് അബുദാബി പൊലീസിന്റെ പ്രവര്‍ത്തനം. മിഴിവേറിയ ക്യാമറ കണ്ണുകള്‍ക്ക് പുറമെ മറ്റ് നിരവധി സവിശേഷതകളും പുതിയ റഡാറുകള്‍ക്കുണ്ട്.

ഒരേ സമയം ഒന്നിലധികം വാഹനങ്ങളെ നിരീക്ഷിക്കുക വഴി പല ലേനുകളിലൂടെയുള്ള വാഹനങ്ങളുടെ നീരീക്ഷണം ഒറ്റ റഡാറില്‍ തന്നെ സാധ്യമാകും. 'മെസ്റ്റാഫ്യൂഷന്‍' എന്ന പേരിലുള്ള സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ഈ അത്യാധുനിക ഉപകരണം കാലാവസ്ഥാ നിരീക്ഷണം അടക്കമുള്ള മറ്റ് ധര്‍മങ്ങളും നിറവേറ്റും. വാഹനാപകടങ്ങള്‍ ഒഴിവാക്കാനുള്ള അബുദാബി പൊലീസിന്റെ ശ്രമങ്ങളാണ് പുതിയ സാങ്കേതിക വിദ്യയെ എമിറേറ്റിലേക്ക് എത്തിക്കുന്നതിന് പിന്നില്‍. അടുത്ത 50 വര്‍ഷത്തേക്കുള്ള മുന്നോട്ട് പോക്കിന് തയ്യാറെടുക്കുന്ന വേളയില്‍ യുഎഇയെ ഏറ്റവും മികച്ച രാജ്യമാക്കുന്ന തരത്തില്‍ ഗതാഗത സുരക്ഷ ഉറപ്പുവരുത്താനാണ് ലക്ഷ്യമിടുന്നതെന്ന് അബുദാബി പൊലീസിലെ സെക്യൂരിറ്റി സിസ്റ്റംസ് വിഭാഗത്തിന് കീഴിലുള്ള ട്രാഫിക് ടെക്നിക്കല്‍ സിറ്റംസ് മേധാവി മേജര്‍ മുഹമ്മദ് അബ്‍ദുല്ല അല്‍ സാബി പറഞ്ഞു.