അബുദാബി: ഡീസല്‍ ടാങ്കറില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്ന 750 കിലോഗ്രാം നിരോധിത പുകയില ഉത്പന്നം അബുദാബി പൊലീസ് പിടികൂടി. വാഹനത്തിന്റെ ഡ്രൈവറായ ഏഷ്യക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. നിരോധിത ഉത്പന്നം ആവശ്യക്കാര്‍ക്ക് എത്തിക്കാനായി കൊണ്ടുപോകുന്നതിനിടെയായിരുന്നു പൊലീസ് കണ്ടെത്തിയത്.

തൊഴിലാളികള്‍ക്കിടയില്‍ പുകയില ഉത്പന്നങ്ങള്‍ എത്തിക്കുന്നതായി മനസിലാക്കിയ പൊലീസ്, ടാങ്കര്‍ ഡ്രൈവറുടെ നീക്കങ്ങള്‍ നിരീക്ഷിച്ചുവരികയായിരുന്നു. തുടര്‍ന്നാണ് വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സഹായത്തോടെ ഇയാളെ പിടികൂടിയത്. തുടര്‍ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്.

യുഎഇയില്‍ നിരോധിച്ചിട്ടുള്ള നസ്‍വാര്‍ എന്ന പുകയില ഉത്പന്നമാണ് പിടിച്ചെടുത്തത്. ഏഷ്യക്കാരായ തൊഴിലാളികള്‍ ഇവ സാധാരണയായി ഉപയോഗിച്ചുവരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത്തരം വസ്തുക്കള്‍ യുഎഇയിലേക്ക് കൊണ്ടുവരുന്നതും വില്‍പ്പന നടത്തുന്നതും നിയമവിരുദ്ധമാണെന്ന് അബുദാബി മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇവയുടെ വില്‍പന സംബന്ധിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അധികൃതരെ അറിയിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.