മസ്കറ്റ്: ഒമാനില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ളത് മസ്കറ്റ് ഗവര്‍ണറേറ്റില്‍. കൊവിഡ് ബാധിച്ചവരില്‍. 77 ശതമാനം ആളുകളും രോഗം ബാധിച്ച് മരിച്ച എട്ടുപേരും മസ്കറ്റ് ഗവര്‍ണറേറ്റില്‍ നിന്നുള്ളവരാണ്. ഒമാനിൽ ഇന്ന് 98 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ 59 പേർ വിദേശികളും 39 പേർ ഒമാൻ സ്വദേശികളുമാണ്.

രാജ്യത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം 1508ലെത്തിയെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം ഇന്ന് പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നു. 238 പേർ സുഖം പ്രാപിച്ചുവെന്നും  മന്ത്രാലയത്തിന്റെ അറിയിപ്പിൽ പറയുന്നു. ഇതുവരെ ഒമാനിൽ കൊവിഡ് 19 വൈറസ്സ് ബാധ മൂലം 8 പേരാണ് മരണപ്പെട്ടിട്ടുള്ളത്. രണ്ട് ഒമാൻ സ്വദേശികളും ഒരു മലയാളി ഉൾപ്പെടെ ആറ് വിദേശികളുമാണ് മരിച്ചത്. ഇവര്‍ എല്ലാവരും മസ്കറ്റ് ഗവര്‍ണറേറ്റില്‍ നിന്നുള്ളവരാണ്.

1164 പേർക്കാണ് മസ്കറ്റ് ഗവര്‍ണറേറ്റിൽ  കൊവിഡ് 19 ബാധിച്ചിട്ടുള്ളത്. ഇതിൽ 156 പേര്‍ ഈ ഗവര്‍ണറേറ്റിൽ നിന്നും  രോഗമുക്തരായിട്ടുണ്ട്. തെക്കൻ ബാത്തിനായിൽ 116  പേർക്കാണ് വൈറസ് ബാധിച്ചിട്ടുള്ളത് വടക്കൻ ബാത്തിനായിൽ അറുപതും  ദാഖിലിയയിൽ അൻപത്തിയേഴും മുസാണ്ടത്തിൽ നിന്ന് അഞ്ചും ദാഹരിയിൽ  പതിനേഴും തെക്കൻ ശരിഖിയയിൽ  അൻപത്തിയഞ്ചും വടക്കൻ  ശരിഖിയയിൽ ഇരുപതും ബുറെമിയിൽ നാലും   ദോഫാറിൽ പത്ത് പേർക്കുമാണ് കൊവിഡ് 19 ബാധിച്ചിട്ടുള്ളത്.