ഇന്ത്യൻ റെയിൽവേ ട്രെയിനിൽ സീറ്റിനെച്ചൊല്ലി ഒരു സ്ത്രീയും യുവാവും തമ്മിൽ തുടങ്ങിയ വാക്കുതർക്കം കയ്യാങ്കളിയിൽ അവസാനിച്ചു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.

ദില്ലി: ട്രെയിനിലെ കോച്ചിനുള്ളിൽ നിന്നുള്ള ഞെട്ടിക്കുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ഒരു സ്ത്രീയും യുവാവും തമ്മിലുള്ള വാക്കുതർക്കം പരസ്യമായ അധിക്ഷേപത്തിലേക്കും കൈയേറ്റത്തിലേക്കും മാറുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഈ വീഡിയോ ഓൺലൈനിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. 

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വൈറൽ വീഡിയോയും പോസ്റ്റുകളും അനുസരിച്ച്, ട്രെയിൻ കോച്ചിൽ സീറ്റ് പങ്കുവെക്കുന്നതിനെച്ചൊല്ലിയുള്ള തർക്കമാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. വീഡിയോയിൽ, ഒരു സ്ത്രീ ദീർഘനേരം യുവാവുമായി ഉച്ചത്തിൽ തർക്കിക്കുന്നത് കാണാം. തർക്കം തുടരുമ്പോൾ ട്രെയിനിലെ മറ്റ് യാത്രക്കാർ സംസാരിക്കുന്നതും പശ്ചാത്തലത്തിൽ കേൾക്കാം.

Scroll to load tweet…

ഒരു ഘട്ടത്തിൽ, സ്ത്രീ കയ്യിലൊരു ചെരിപ്പുമെടുത്ത് യുവാവിനെ അടിക്കുമെന്ന് ആവർത്തിച്ച് ഭീഷണിപ്പെടുത്തുന്നുണ്ട്. തുടർന്ന്, സ്ത്രീ ജാതി അധിക്ഷേപം നടത്തുന്നതോടെയാണ് കാര്യങ്ങൾ കൂടുതൽ വഷളാകുന്നത്. 'ചമാർ' എന്ന് ആവർത്തിച്ച് വിളിച്ച് അധിക്ഷേപിക്കുന്നത് വീഡിയോയിൽ വ്യക്തമായി കേൾക്കാം. താനൊരു 'പണ്ഡിറ്റ്' ആണെന്നും തൻ്റെ കുടുംബത്തിൻ്റെ സാമൂഹിക നിലയെക്കുറിച്ചും സ്ത്രീ സംസാരിക്കുന്നത് വീഡിയോയിൽ കാണാം.

തൻ്റെ മകൻ എഞ്ചിനീയറാണെന്നും ഭർത്താവ് സൂപ്പർവൈസറായി ജോലി ചെയ്യുകയാണെന്നും സ്ത്രീ പറയുന്നു. യുവാവിൻ്റെ ഭാര്യയെയും സംസാരത്തിലേക്ക് ഇവർ വലിച്ചിഴയ്ക്കുന്നുണ്ട്. ഇതിന് പിന്നാലെയാണ് യുവാവ് സ്ത്രീയെ മർദ്ദിച്ചത്. അതേസമയം, യുവാവ് കൂടുതൽ പ്രശ്നങ്ങൾ ഒഴിവാക്കാൻ ശ്രമിക്കുന്നത് വീഡിയോയുടെ തുടക്കത്തിൽ കാണാം. സ്ഥിതി ശാന്തമാക്കാൻ സ്വന്തം സീറ്റിൽ നിന്ന് മാറിപ്പോകാനും യുവാവ് ശ്രമിക്കുന്നുണ്ട്. എന്നാൽ, നിരന്തരമായ അധിക്ഷേപത്തിൽ പ്രകോപിതനായ യുവാവ് ഒടുവിൽ സ്ത്രീയുടെ മുഖത്ത് തുടരെ അടിക്കുകയായിരുന്നു. ഈ ദൃശ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ചയാകുന്നത്.

View post on Instagram

ഒരു സ്ത്രീയെ മർദ്ദിക്കുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് പലരും വിമർശിച്ചു. എന്നാൽ, സ്ത്രീയുടെ പെരുമാറ്റവും നിരന്തരമായ അധിക്ഷേപവുമാണ് യുവാവിനെ പ്രകോപിപ്പിച്ചതെന്ന് മറ്റുചിലർ വാദിക്കുന്നു. വീഡിയോയ്ക്ക് താഴെ ആയിരക്കണക്കിന് കമന്റുകളാണ് വരുന്നത്. യുവാവിനെ പിന്തുണച്ച് പലരും രംഗത്തെത്തി. ഏറെ നേരം അധിക്ഷേപം സഹിച്ച ശേഷമാണ് അയാൾ പ്രതികരിച്ചതെന്ന് അവർ പറയുന്നു. എന്നാൽ, പ്രകോപനം എന്തുതന്നെയായാലും അക്രമം ഒന്നിനും ഒരു പരിഹാരമല്ലെന്ന് മറ്റുചിലർ അഭിപ്രായപ്പെട്ടു.

View post on Instagram

ജാതി അധിക്ഷേപത്തിനെതിരെ കർശന നടപടി വേണമെന്നും പലരും കമന്റുകളിലൂടെ ആവശ്യപ്പെടുന്നുണ്ട്. സംഭവം നടന്ന ട്രെയിൻ ഏതാണെന്നോ എവിടെ വെച്ചാണെന്നോ ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ ആരെങ്കിലും റെയിൽവേ അധികൃതർക്ക് പരാതി നൽകിയിട്ടുണ്ടോ എന്ന കാര്യത്തിലും സ്ഥിരീകരണമില്ല. അധികൃതർ ഇതുവരെ ഈ വിഷയത്തിൽ പരസ്യമായി പ്രതികരിച്ചിട്ടില്ല. സംഭവത്തിന്റെ വീഡിയോ ഇപ്പോഴും സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. ഒപ്പം ജാതി അധിക്ഷേപം, സ്ത്രീകൾക്കെതിരായ അതിക്രമം, പൊതുസ്ഥലങ്ങളിലെ പെരുമാറ്റം എന്നിവയെക്കുറിച്ചുള്ള ചർച്ചകളും ശക്തമാകുന്നു.