Asianet News MalayalamAsianet News Malayalam

പ്രവാസി നഴ്‌സുമാര്‍ക്ക് പകരം സ്വദേശികള്‍; ആരോഗ്യ മേഖലയില്‍ 90 ശതമാനം സ്വദേശിവല്‍ക്കരണം ലക്ഷ്യമിട്ട് ഒമാന്‍

രാജ്യത്തെ പ്രധാനപ്പെട്ട എട്ട് സര്‍ക്കാര്‍ ആശുപത്രികളിലേക്കാണ് നിയമനങ്ങളെന്ന് പ്രസ്താവനയില്‍ പറയുന്നു. സൊഹാര്‍ സര്‍ക്കാര്‍ ആശുപത്രിയിലാണ് ഏറ്റവും കൂടുതല്‍ നഴ്‌സുമാര്‍ക്ക് തൊഴില്‍ നഷ്ടമായത്.

90 per cent  Omanisation to implement in health sector
Author
Muscat, First Published Sep 2, 2020, 4:34 PM IST

മസ്കറ്റ്: ഒമാനില്‍ ആരോഗ്യ രംഗത്ത് തൊണ്ണൂറു ശതമാനം സ്വദേശിവല്‍ക്കരണം ലക്ഷ്യമിട്ടുകൊണ്ട് മന്ത്രാലയം. ഒമാനില്‍ 173 പ്രവാസി നഴ്‌സുമാര്‍ക്ക് പകരം സ്വദേശികളെ നിയമിച്ചുകൊണ്ട് ആരോഗ്യ മന്ത്രാലയം പ്രസ്താവന പുറത്തിറക്കി. മലയാളികള്‍ ഉള്‍പ്പെടെയുള്ള വിദേശികള്‍ക്കാണ് ഇതോടെ തൊഴില്‍ നഷ്ടമായത്.

രാജ്യത്തെ പ്രധാനപ്പെട്ട എട്ട് സര്‍ക്കാര്‍ ആശുപത്രികളിലേക്കാണ് നിയമനങ്ങളെന്ന് പ്രസ്താവനയില്‍ പറയുന്നു. സൊഹാര്‍ സര്‍ക്കാര്‍ ആശുപത്രിയിലാണ് ഏറ്റവും കൂടുതല്‍ നഴ്‌സുമാര്‍ക്ക് തൊഴില്‍ നഷ്ടമായത്. 62 സ്വദേശി നഴ്‌സുമാരാണ് ഇവിടെ പുതുതായി ജോലിയില്‍ പ്രവേശിച്ചിരിക്കുന്നത്. സലാലയിലെ സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയിലേക്ക് നാല്‍പത്തി രണ്ടും ഇബ്രയിലേക്കു മുപ്പത്തി അഞ്ചും പതിനെട്ടുപേര്‍ ജാലാന്‍ ബു അലി ആശുപത്രിയിലേക്കും സൂര്‍ ആശുപത്രിയിലേക്ക് എട്ട് പേരും അഞ്ചു പേര്‍ ഖസബിലേക്കും ബുറേമി  ആശുപത്രിയിലേക്ക് രണ്ടുപേരും ഹൈമ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് ഒരാളെയുമാണ് ഒമാന്‍ ആരോഗ്യ മന്ത്രാലയം നിയമിച്ചിരിക്കുന്നത്.

ഒമാനിലെ വിവിധ സര്‍വകലാശാലകളില്‍ നിന്നും പുറമെ വിദേശ രാജ്യങ്ങളില്‍ നിന്നും നിരവധി സ്വദേശി വിദ്യാര്‍ത്ഥികള്‍ ആണ് വ്യത്യസ്ത  മെഡിക്കല്‍ കോഴ്സുകള്‍ പൂര്‍ത്തിയാക്കി രാജ്യത്തെ തൊഴില്‍ വിപണിയില്‍ എത്തുന്നത്. സുല്‍ത്താന്‍ ഖാബൂസ് സര്‍വകലാശാലക്ക് കീഴിലുള്ള കോളജ് ഒഫ് മെഡിസിന്‍ ആന്‍ഡ് നഴ്‌സിങ്ങില്‍നിന്ന് നിരവധി സ്വദേശികള്‍ ബിരുദം പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ സാഹചര്യത്തിലാണ് ആരോഗ്യമന്ത്രാലയത്തിന്റെ തീരുമാനം.

ഇവര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുവാനാണ് സര്‍ക്കാര്‍ വിദേശികളെ ഈ മേഖലയില്‍ നിന്നും ഒഴിവാക്കുന്നത്. നിലവില്‍ ആരോഗ്യ രംഗത്ത് സ്വദേശിവല്‍ക്കരണം കണ്‍സള്‍ട്ടന്റ് ഫിസിഷ്യന്‍മാരില്‍ 72 ശതമാനവും മെഡിക്കല്‍ ഡോക്ടര്‍മാരില്‍ 39 ശതമാനവും നഴ്‌സിംഗ് , മെഡിക്കല്‍ ലബോറട്ടറി ജോലികളില്‍ 65 ശതമാനവുമാണ്. ഫാര്‍മസി ജോലികളില്‍ 94 ശതമാനവും അനുബന്ധ മെഡിക്കല്‍ ജോലികളില്‍ 74 ശതമാനവും പ്രഥമശുശ്രൂഷ, പരിസ്ഥിതി ആരോഗ്യം, സുരക്ഷ, വന്ധ്യംകരണം എന്നിവയില്‍ 100 ശതമാനവുമാണ് സ്വദേശിവല്‍ക്കരണം.  കൂടാതെ എക്‌സ്റേ ടെക്നീഷ്യന്‍, സ്പീച്ച് തെറപിസ്റ്റ്, ന്യുട്രീഷനിസ്റ്റ് എന്നീ തസ്തികകള്‍ നൂറു ശതമാനം സ്വദേശിവത്കരിക്കുവാന്‍ ഈ വര്‍ഷമാദ്യം തന്നെ മന്ത്രാലയം തീരുമാനിച്ചിരിന്നു.

Follow Us:
Download App:
  • android
  • ios