മസ്കറ്റ്: ഒമാനിൽ കൊവിഡ്19 വൈറസ് ബാധിച്ചവരുടെ എണ്ണം1000 കടന്നു. ഇന്ന് 109 പേർക്ക് കൂടി കൊവിഡ്  സ്ഥിരീകരിച്ചു. ഇതിൽ 97പേരും പ്രവാസികളാണ്. ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം 1019   ലെത്തിയെന്നു  ഒമാൻ ആരോഗ്യ മന്ത്രാലയം ഇന്ന് പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നു.

1019 കൊവിഡ് ബാധിതരിൽ  636 പേര്‍ വിദേശികളും 384 പേര്‍ ഒമാന്‍ സ്വദേശികളുമാണ്. 176  പേർക്ക് രോഗമുക്തി    ലഭിച്ചിട്ടുണ്ടെന്നും അറിയിപ്പിൽ പറയുന്നു. കൊവിഡ് വ്യാപനം പ്രതിരോധിക്കുന്നതിന്‍റെ ഭാഗമായി ഒമാനിലെ ഒരു വിലായത്ത് കൂടി അടച്ചിടാന്‍ തീരുമാനിച്ചിരുന്നു. ഒമാനിലെ തെക്കൻ  ഷർക്ക്യയിലെ ജലാൻ ബാനി ബൂ അലി വിലായത്താണ് വ്യാഴാഴ്ച മുതല്‍ അടച്ചിടുന്നത്. ജലാൻ ബാനി ബൂ അലി വിലായത്ത്  ഇന്ന് മുതൽ അടച്ചിടുമെന്ന് റോയൽ ഒമാൻ പൊലീസ്  അറിയിച്ചു. 

ലോക്ക് ഡൗണ്‍ ഇന്ന്(വ്യാഴാഴ്ച) വെളുപ്പിന് നാലു മണി മുതൽ നിലവിൽ വന്നു. വിലായത്തിലെ  ആശുപത്രിക്കു സമീപമുള്ള  സൂക്കും പരിസരവും അടച്ചിടാനാണ് സായുധസേന നിര്‍ദ്ദേശം നൽകിയിരിക്കുന്നത്. ഇനിയൊരു  അറിയിപ്പ് ഉണ്ടാകുന്നതു വരെ ലോക്ക് ഡൗണ്‍ തുടരുമെന്നും റോയൽ ഒമാൻ പൊലീസിന്റെ അറിയിപ്പിൽ പറയുന്നു.