പിടിച്ചെടുത്തവയില്‍ ആരോഗ്യത്തിന് ഹാനികരമാണെന്ന് കണ്ടെത്തിയവയെല്ലാം നശിപ്പിച്ചുകളഞ്ഞു. നിയമവിരുദ്ധമായി കച്ചവടം നടത്തുന്ന സ്ഥാപനങ്ങളില്‍ 90 ശതമാനത്തോളവും നിരന്തര പരിശോധനയിലൂടെ പൂട്ടിച്ചുവെന്ന് മുനിസിപ്പാലിറ്റി അധികൃതര്‍ അറിയിച്ചു. 

ഷാര്‍ജ: ആരോഗ്യത്തിന് ഹാനികരമായ തരത്തില്‍ താല്‍കാലിക വില്‍പനശാലകള്‍ വഴി വിറ്റഴിച്ചിരുന്ന സാധനങ്ങള്‍ ഷാര്‍ജ മുനിസിപ്പാലിറ്റി പിടിച്ചെടുത്തു. ഭക്ഷ്യ വസ്തുക്കള്‍ക്ക് പുറമേ 50 ടണ്ണോളം വരുന്ന മറ്റ് സാധനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ബാഗുകള്‍, വസ്ത്രങ്ങള്‍, സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍, പാദരക്ഷകള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവയാണ് പരിശോധനയില്‍ കണ്ടെത്തിയത്.

പിടിച്ചെടുത്തവയില്‍ ആരോഗ്യത്തിന് ഹാനികരമാണെന്ന് കണ്ടെത്തിയവയെല്ലാം നശിപ്പിച്ചുകളഞ്ഞു. നിയമവിരുദ്ധമായി കച്ചവടം നടത്തുന്ന സ്ഥാപനങ്ങളില്‍ 90 ശതമാനത്തോളവും നിരന്തര പരിശോധനയിലൂടെ പൂട്ടിച്ചുവെന്ന് മുനിസിപ്പാലിറ്റി അധികൃതര്‍ അറിയിച്ചു. വ്യവസായ മേഖലകളിലാണ് ഇത്തരം 'മൊബൈല്‍' വ്യാപാര കേന്ദ്രങ്ങള്‍ പ്രത്യക്ഷപ്പെടാറുള്ളത്. ചെറിയ വിലയ്ക്ക് സാധനങ്ങള്‍ വാങ്ങാന്‍ ശ്രമിക്കുന്ന താഴ്ന്ന വരുമാനക്കാരെയാണ് ഇവര്‍ ലക്ഷ്യമിടുന്നത്. വെള്ളിയാഴ്ചകളിലും അവധി ദിനങ്ങളിലും മാത്രം പ്രത്യക്ഷപ്പെടുന്ന ഇത്തരം കടകളില്‍ സാധനങ്ങള്‍ എവിടെ നിന്നാണ് എത്തുന്നതെന്ന് അധികൃതര്‍ക്ക് പോലും അറിയില്ല.

ഇത്തരം സ്ഥാപനങ്ങളിലൂടെ വിറ്റഴിക്കപ്പെടുന്ന ഭക്ഷ്യ വസ്തുക്കള്‍ അധികവും ഉപയോഗത്തിനുള്ള സമയപരിധി കഴിഞ്ഞവയും ആരോഗ്യത്തിന് ഹാനികരമായതുമായിരിക്കും. ഭക്ഷ്യവിഷബാധ പോലുള്ള ദുരന്തങ്ങള്‍ക്ക് ഇവ കാരണമാവുമെന്നും അധികൃതര്‍ പറയുന്നു. ഇത്തരം വ്യാപാര സ്ഥാപനങ്ങള്‍ നടത്തുന്നവര്‍ക്ക് 9,000 ദിര്‍ഹം വരെ പിഴ ശിക്ഷ ലഭിക്കും. കുറ്റം ആവര്‍ത്തിച്ചാല്‍ ഇരട്ടി തുക പിഴ അടയ്ക്കേണ്ടി വരും. ഇത്തരം സ്ഥലങ്ങളെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് വിവരമുണ്ടെങ്കില്‍ 993 എന്ന നമ്പറില്‍ അറിയിക്കമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.