അബുദാബി: കേരളത്തില്‍ നിന്നുള്ള നിന്നുള്ള 105 പേരടങ്ങിയ മെഡിക്കല്‍ സംഘം യുഎഇയിലെത്തി. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നതിന് വേണ്ടി യുഎഇ ആസ്ഥാനമായ വി.പി.എസ് ഹെല്‍ത്ത് കെയറാണ് ഡോക്ടര്‍മാരും നഴ്സുമാരും പാരാമെഡിക്കല്‍ ജീവനക്കാരുമടങ്ങിയ സംഘത്തെ എത്തിച്ചത്. ഇത്തിഹാദ് എയര്‍വേയ്സിന്റെ പ്രത്യേക വിമാനത്തില്‍ ബുധനാഴ്ച രാവിലെ ഇവര്‍ അബുദാബി വിമാനത്താവളത്തിലെത്തി.

കൊച്ചിയില്‍ നിന്ന് പുറപ്പെട്ട സംഘം രാവിലെ 6.54നാണ് അബുദാബിയിലെത്തിയത്. യുഎഇയിലെ വിവിധ ആശുപത്രികളിലായിരിക്കും ഇവര്‍ സേവനമനുഷ്ഠിക്കുക. സംഘത്തിലുള്ള എല്ലാവരും മലയാളികളാണ്. പുറപ്പെടുന്നതിന് മുമ്പ് തിങ്കളാഴ്ച എല്ലാവരെയും കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. കഴിഞ്ഞയാഴ്ച 88 പേരടങ്ങിയ മെഡിക്കല്‍ സംഘം ദുബായിലെത്തിയിരുന്നു.