Asianet News MalayalamAsianet News Malayalam

ദുബൈ എക്‌സ്‌പോ ഇന്ത്യന്‍ പവലിയനിലെ ഡിജിറ്റല്‍ സാങ്കേതിക അവതരണങ്ങളില്‍ തിളങ്ങി ആസാ ഗ്രൂപ്പ്

ഇന്ത്യയുടെ ചരിത്രം, കല, സംസ്‌കാരം, സാങ്കേതിക മികവ്, ബഹിരാകാശ ഗവേഷണം, ആയുര്‍വേദം, യോഗ തുടങ്ങി എല്ലാ മേഖലകളെയും ആറ് മാസത്തെ പരിശ്രമത്തിലൂടെയാണ് ലോകോത്തര നിലവാരത്തിലുള്ള ഡിജിറ്റല്‍ സ്‌ക്രീനിങ്ങിലെത്തിച്ചതെന്ന് ആസാ ഗ്രൂപ്പ് ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ സാലിഹ് സി.പി ദുബായില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

aasa group behind digital technology presentation in Indian Pavilion of Dubai Expo 2020
Author
Dubai - United Arab Emirates, First Published Oct 7, 2021, 2:11 PM IST
  • Facebook
  • Twitter
  • Whatsapp

ദുബൈ: ലോകമഹാമേളയായ എക്‌സ്‌പോ 2020 ദുബൈല്‍ സാന്നിദ്ധ്യമറിയിച്ച് ആസാ ഗ്രൂപ്പ്. 190 ലേറെ രാജ്യങ്ങളുടെ പവിലിയനുകളില്‍ ഏറ്റവും ജനശ്രദ്ധയാകര്‍ഷിച്ച ഇന്ത്യന്‍ പവിലിയനിലെ ഡിജിറ്റല്‍ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള അവതരണപ്രക്രിയ ആസാ ഗ്രൂപ്പിന്റെ ഐ.ടി.സി വിഭാഗമാണ് നിര്‍മ്മിച്ച് നടപ്പാക്കിയിരിക്കുന്നത്. 

ഇന്ത്യയുടെ ചരിത്രം, കല, സംസ്‌കാരം, സാങ്കേതിക മികവ്, ബഹിരാകാശ ഗവേഷണം, ആയുര്‍വേദം, യോഗ തുടങ്ങി എല്ലാ മേഖലകളെയും ആറ് മാസത്തെ പരിശ്രമത്തിലൂടെയാണ് ലോകോത്തര നിലവാരത്തിലുള്ള ഡിജിറ്റല്‍ സ്‌ക്രീനിങ്ങിലെത്തിച്ചതെന്ന് ആസാ ഗ്രൂപ്പ് ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ സാലിഹ് സി.പി ദുബായില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഏതാണ്ട് നൂറോളം തൊഴിലാളികള്‍ മുഴുവന്‍ സമയവും ഇതിനായി പരിശ്രമിച്ചു. 50 ഓളം സ്ഥാപനങ്ങള്‍ ഇന്ത്യന്‍ പവിലിയനിലെ ഡിജിറ്റല്‍ സ്‌ക്രീനിങ് നിര്‍മാണത്തിനുള്ള തെരഞ്ഞെടുപ്പില്‍ പങ്കെടുത്തിരുന്നു. പല ഘട്ടങ്ങളിലൂടെയുള്ള തെരഞ്ഞെടുപ്പില്‍ ആസാ ഗ്രൂപ്പിനെയാണ് ഇതിനായി തിരഞ്ഞെടുത്തത്. 

എക്‌സ്‌പോ 2020 യിലെ ശ്രദ്ധേയമായ അല്‍ വാസല്‍ പ്ലാസയില്‍ ഉപയോഗിച്ചിരിക്കുന്ന അതേ രൂപഘടനയാണ് ഇന്ത്യന്‍ പവിലിയനിലും ഉപയോഗിച്ചിരിക്കുന്നത്. ഇതിനായി ലൈറ്റ്‌സ് ഉള്‍പ്പെടെ ഇന്ത്യയില്‍ നിന്നും ഇറക്കുമതി ചെയ്തിരുന്നു. എക്‌സ്‌പോ നടക്കുന്ന ആറ് മാസത്തിനിടയില്‍ ഓരോ പ്രത്യേക അവസരങ്ങളിലും നിലവിലെ ഡിജിറ്റല്‍ സ്‌ക്രീനിങ്ങില്‍ മാറ്റങ്ങള്‍ വരുത്തിയേക്കാം. ഇതുവരെ പവിലിയനിലെ കാഴ്ചകള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നതെന്നും സാലിഹ് സി.പി വ്യക്തമാക്കി. 
    നാല് നിലകളിലായി 8750 ചതുരശ്രമീറ്റര്‍ വിസ്തൃതിയില്‍ നിര്‍മിച്ചിരിക്കുന്ന ഇന്ത്യന്‍ പവിലിയന്റെ നിര്‍മാണചുമതല കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ എന്‍.ബി.സി.സിക്കാണ്. 

ഏകദേശം 700 ചതുരശ്രമീറ്ററില്‍ നാല് നിലകളിലായി സ്ഥാപിച്ചിരിക്കുന്ന എല്‍.ഇ.ഡി വാള്‍ ആധുനിക സാങ്കേതിക വിദ്യയുടെ ഉത്തമ ഉദാഹരണമാണ്. ഇറക്കുമതി ചെയ്‍ത ലോകോത്തര നിലവാരമുള്ള ബ്രാന്‍ഡുകളുടെ ഉപകരണമാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. നാല് വ്യത്യസ്‍ത തീമുകള്‍ ഉള്‍പ്പെടുത്തികൊണ്ടാണ് ഇന്ത്യയുടെ സംസ്‌കാരവും കലയും ബഹിരാകാശ ഗവേഷണവും സാങ്കേതിക വിദ്യകളും ലോക ജനതക്ക് പരിചയപ്പെടുത്തുന്നത്. സന്ദര്‍ശകര്‍ക്ക് കണ്ണിനും കാതിനും അത്ഭുതവും ആവേശവും പകരുന്ന രീതിയില്‍ ഏറ്റവും ആധുനിക രീതിയിലുള്ള 16 പ്രൊജക്ടുകള്‍, സെന്‍ട്രലൈസ്ഡ് വീഡിയോ കണ്‍ട്രോള്‍ പ്ലെ ബാക്ക് സിസ്റ്റം, സെന്‍ട്രലൈസ്ഡ് മ്യൂസിക് ആന്‍ഡ് സൗണ്ട് സിസ്റ്റം, സറൗണ്ടഡ് സൗണ്ട് സിസ്റ്റം എന്നിവ ഉപയോഗപ്പെടുത്തിയിട്ടുണ്ട്.

പവിലിയന്റെ താഴത്തെ നിലയില്‍ ഇന്ററാക്ടീവ് ടച്ച് സ്‌ക്രീന്‍ ഉപയോഗിച്ചുള്ള കിയോസ്‌ക്കുകളുണ്ട്. 360 ഡിഗ്രി പ്രൊജക്ഷന്‍ ടെക്‌നോളജി ഉപയോഗിച്ചുള്ള ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ നേട്ടങ്ങള്‍ വിളിച്ചറിയിക്കുന്ന പ്രദര്‍ശനവും ഇവിടെ കാണാം. 33 സംസ്ഥാനങ്ങളുടെയും യൂണിയന്‍ ടെറിറ്ററികളുടെയും പ്രാഗത്ഭ്യം സന്ദര്‍ശകരിലേക്ക് എത്തിക്കാന്‍ ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തികൊണ്ടുള്ള ത്രീ ഡി ഓഗ്മെന്റഡ് റിയാലിറ്റി പ്രൊജക്ഷന്‍ സിസ്റ്റവും ഉപയോഗപ്പെടുത്തിയിരിക്കുന്നു.

ഫൈബര്‍ ഒപ്റ്റിക് ഗ്ലിറ്റെറിങ് സീലിങ് യഥാര്‍ത്ഥ ആകാശകാഴ്ച സമ്മാനിക്കുന്നു. പവിലിയന്റെ പുറംചുമരുകള്‍ വ്യത്യസ്തമായ സ്‌ക്രീനുകളിലായാണ് പ്രവര്‍ത്തിക്കുന്നത്. പവിലിയനില്‍ സ്ഥാപിച്ചിട്ടുള്ള 10 പ്രൊജക്ടറുകള്‍ ഉപയോഗിച്ചാണ് പ്രദര്‍ശനം. പവിലിയനിലെ എല്ലാ ഓഡിയോ വീഡിയോ ഉപകരണങ്ങളും പ്രൊജക്ടറുകളുടെയും സ്‌ക്രീനുകളുടെയും പ്രൊഗ്രാമിങ്, ടെസ്റ്റിങ് തുടങ്ങി എല്ലാ ജോലികളും ആസായുടെ ഉത്തരവാദിത്തമാണ്. ആറ് മാസത്തേക്കുള്ള മെയിന്റനന്‍സും നടത്തിപ്പും ഉള്‍പ്പെടെ ഇതില്‍പെടും. 

മഹാമേളയില്‍ ഇന്ത്യന്‍ പവിലിയന്റെ മുഖ്യമായ പങ്കാളിയാവാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് സാലിഹ് സി.പി പറഞ്ഞു. ആസാ ഗ്രൂപ്പ് സി.ഇ.ഓ അന്‍ഹര്‍ സാലിഹ്, ഡയറക്ടര്‍ ഫാരിസ്, ഐ.ടി ഡിവിഷന്‍ മാനേജര്‍ ഇബ്രാഹിം മൊഹമദ്, ടെക്‌നിക്കല്‍ മേധാവി നബില്‍, ഓട്ടോമേഷന്‍ എഞ്ചിനീയര്‍ നിഖില്‍, ബിസിനസ് ഡെവലപ്‌മെന്റ് മാനേജര്‍ അറാഫത്ത്, സീനിയര്‍ മാനേജര്‍ ഇബ്രാഹിംകുട്ടി തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Follow Us:
Download App:
  • android
  • ios