അബുദാബി: ദീര്‍ഘകാലമായി പൊടിപിടിച്ചുകിടക്കുകയായിരുന്ന കാറുകള്‍ അബുദാബി മുനിസിപ്പാലിറ്റി പിടിച്ചെടുത്തു. മുനിസിപ്പല്‍ നിയമങ്ങള്‍ ലംഘിച്ചതിന് 66 വാഹന ഉടമകള്‍ക്ക് പിഴ ചുമത്തുകയും ചെയ്‍തു. വൃത്തിയാക്കാതെ അഴുക്കുനിറഞ്ഞ നിലയില്‍ പാര്‍ക്ക് ചെയ്‍തിരുന്ന വാഹനങ്ങള്‍ നീക്കം ചെയ്യാന്‍ 43 പേര്‍ക്ക് അബുദാബി സിറ്റി മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഇന്റഗ്രേറ്റഡ് ട്രാന്‍സ്‍പോര്‍ട്ട് സെന്ററുമായി സഹകരിച്ച് നടത്തിയ പരിശോധനയിലാണ് നിയമലംഘകരെ കണ്ടെത്തിയത്. നഗരത്തിന്റെ വൃത്തിയും സൗന്ദര്യവും കാത്തുസൂക്ഷിക്കാന്‍ പൊതുസമൂഹത്തെ ഉദ്ബോധിപ്പിക്കുന്ന ക്യാമ്പയിനും അധികൃതര്‍ നടത്തിയിരുന്നു. 

പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം, ഉപേക്ഷക്കപ്പെട്ട വാഹനങ്ങള്‍ നീക്കം ചെയ്യാന്‍ മൂന്ന് ദിവസത്തെ നോട്ടീസാണ് നല്‍കുന്നത്. നേരത്തെ 14 ദിവസത്തിനകം വാഹനങ്ങള്‍ മാറ്റണമെന്നായിരുന്നു നിര്‍ദേശം നല്‍കിയിരുന്നത്. എല്ലാത്തരം വാഹനങ്ങള്‍ക്കും ട്രെയിലറുകള്‍, ബോട്ടുകള്‍, മെഷീനുകള്‍ തുടങ്ങിയവക്കും ഇത് ബാധകമാണ്. വാഹനങ്ങള്‍ വൃത്തിയാക്കി സൂക്ഷിച്ചില്ലെങ്കില്‍ 3000 ദിര്‍ഹമാണ് പിഴ ഈടാക്കുന്നത്. നിയമം ലംഘിക്കുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്യും.