അബുദാബിയിലെ കോടതിയിൽ ഇനി ഹിന്ദിയിലും പരാതിപ്പെടാം

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 11, Feb 2019, 12:08 AM IST
Abu Dhabi includes Hindi as third official court language
Highlights

അറബിക്, ഇംഗ്ലിഷ് ഭാഷകൾക്കു പുറമേ ഹിന്ദി കൂടി ഉൾപ്പെടുത്തി അബുദാബി കോടതിയിലെ അപേക്ഷാ ഫോമുകൾ പരിഷ്കരിച്ചു. നേരത്തെ അറബിക് ഭാഷയിൽ  മാത്രമായിരുന്നു സേവനമെങ്കില്‍  കഴിഞ്ഞ വര്‍ഷം ഇംഗ്ലിഷിൽ പരാതിപ്പെടാനുള്ള സൗകര്യവും ഒരുക്കിയിരുന്നു. 

അബുദാബി: അബുദാബിയിലെ കോടതിയിൽ ഇനി ഹിന്ദിയിലും പരാതിപ്പെടാം. അബുദാബിയ ജുഡീഷ്യൽ ഡിപ്പാർട്ട്മെന്റാണ് ഇന്ത്യയുടെ ഔദ്യോഗിക ഭാഷയായ ഹിന്ദിയിൽ പരാതിപ്പെടാനുള്ള സൗകര്യം ഒരുക്കിയത്. അറബിക്, ഇംഗ്ലിഷ് ഭാഷകൾക്കു പുറമേ ഹിന്ദി കൂടി ഉൾപ്പെടുത്തി അബുദാബി കോടതിയിലെ അപേക്ഷാ ഫോമുകൾ പരിഷ്കരിച്ചു. നേരത്തെ അറബിക് ഭാഷയിൽ  മാത്രമായിരുന്നു സേവനമെങ്കില്‍  കഴിഞ്ഞ വര്‍ഷം ഇംഗ്ലിഷിൽ പരാതിപ്പെടാനുള്ള സൗകര്യവും ഒരുക്കിയിരുന്നു. 

അറബിക് ഭാഷ സംസാരിക്കാത്ത എതിരാളിക്കെതിരെയുള്ള സിവിൽ, ക്രിമിനൽ കേസുകൾ ഇംഗ്ലിഷിൽ ഫയൽ ചെയ്യാമെന്നായിരുന്നു നിയമം. ഈ വിഭാഗത്തിലേക്ക് ഹിന്ദി കൂടി ഉൾപ്പെടുത്തിയതോടെ അബുദാബിയിൽ നീതിന്യായ സേവനം മൂന്നു ഭാഷകളിൽ ലഭ്യമാകും. യുഎഇയിലെ ജോലിക്കാരിൽ കൂടുതലും ഹിന്ദി സംസാരിക്കുന്നവരായതിനാലാണ് ഹിന്ദി തിരഞ്ഞെടുക്കാൻ കാരണമെന്ന് അധികൃതർ വ്യക്തമാക്കി. ഭാഷയുടെ അതിർവരമ്പുകളില്ലാതെ ആശയവിനിയമം നടത്തി നിയമനടപടികൾ പൂർത്തിയാക്കി വിദേശികൾക്ക് അവകാശങ്ങൾ നേടിയെടുക്കാൻ ഇതിലൂടെ സാധിക്കും. 

വിദഗ്ധ തൊഴിലാളികളുടെ കേന്ദ്രമായി അബുദാബിയെ മാറ്റുന്നതിനൊപ്പം വിദേശനിക്ഷേപം ആകർഷിക്കാനും പുതിയ തീരുമാനം വഴിയൊരുക്കുമെന്നാണ് പ്രതീക്ഷയെന്ന് നീതിന്യായ വകുപ്പ് അണ്ടർ സെക്രട്ടറി പറഞ്ഞു. തൊഴിൽ തർക്കം അടക്കമുള്ള പരാതികൾ സ്വന്തം ഭാഷയിൽ ഉന്നയിക്കാനുള്ള സൗകര്യമാണ് ഇതിലൂടെ കൈവന്നിരിക്കുന്നത്. കോടതി നടപടികൾക്ക് വിദേശ ഭാഷകളായ ഇംഗ്ലിഷ്, ഹിന്ദി എന്നിവ അംഗീകരിക്കുന്ന മേഖലയിലെ ആദ്യ രാജ്യമാണ് യുഎഇ. 

loader