Asianet News MalayalamAsianet News Malayalam

കേരളത്തിലെ അഞ്ച് പ്രധാന പദ്ധതികളില്‍ മുതല്‍മുടക്കാന്‍ അബുദാബി ഇന്‍വെസ്റ്റ്മെന്‍റ് അതോറിറ്റി

കൊച്ചി മെട്രോ ബ്ലിസ് സിറ്റി (കാക്കനാട് - 1500 കോടി), മാരിടൈം ക്ലസ്റ്റര്‍ (വെല്ലിംഗ്ടണ്‍ ഐലന്‍റ് - 3500 കോടി), എറോട്രോപോളിസ് (കണ്ണൂര്‍ - 1000 കോടി), കിന്‍ഫ്രാ ലോജിസ്റ്റിക്സ് പാര്‍ക്ക് (പാലക്കാട് - 400 കോടി)  എന്നീ പദ്ധതികളില്‍

abu dhabi investment authority helps kerala
Author
Thiruvananthapuram, First Published Nov 22, 2019, 6:43 PM IST

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് പ്രധാന അടിസ്ഥാന സൗകര്യവികസന പദ്ധതികളില്‍ മുതല്‍മുടക്കാന്‍ അബുദാബി ഇന്‍വെസ്റ്റ്മെന്‍റ് അതോറിറ്റി (ആദിയ) താല്പര്യം പ്രകടിപ്പിച്ചു. അതോറിറ്റിയുടെ പ്രതിനിധികള്‍ വെള്ളിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചര്‍ച്ചയിലാണ് അഞ്ച് പദ്ധതികളില്‍ നിക്ഷേപത്തിനുള്ള സാധ്യത തെളിഞ്ഞതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

കൊച്ചി മെട്രോ ബ്ലിസ് സിറ്റി (കാക്കനാട് - 1500 കോടി), മാരിടൈം ക്ലസ്റ്റര്‍ (വെല്ലിംഗ്ടണ്‍ ഐലന്‍റ് - 3500 കോടി), എറോട്രോപോളിസ് (കണ്ണൂര്‍ - 1000 കോടി), കിന്‍ഫ്രാ ലോജിസ്റ്റിക്സ് പാര്‍ക്ക് (പാലക്കാട് - 400 കോടി)  എന്നീ പദ്ധതികളിലും തിരുവനന്തപുരം വിമാനത്താവള വികസനം സംസ്ഥാന സര്‍ക്കാരിന്‍റെ നിയന്ത്രണത്തില്‍ വരികയാണെങ്കില്‍ അവിടെയും മുതല്‍ മുടക്കാന്‍ കമ്പനി പ്രതിനിധികള്‍ താല്പര്യം അറിയിച്ചിട്ടുണ്ട്. ഇതു കൂടാതെ  എട്ടു പദ്ധതികളെ കുറിച്ചു കൂടി അതോറിറ്റിയുമായി സംസ്ഥാന സര്‍ക്കാര്‍ ചര്‍ച്ച ചെയ്തു.  താല്പര്യമുള്ള പദ്ധതികളുടെ കാര്യത്തില്‍ അടുത്ത ജനുവരിയോടെ തീരുമാനം എടുക്കാന്‍ കഴിയുമെന്ന് ആദിയയുടെ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ തലവന്‍ സലിം അല്‍ ധര്‍മാകി പറഞ്ഞു.

കഴിഞ്ഞ ഫെബ്രുവരിയില്‍ ആദിയ മാനേജിംഗ് ഡയറക്ടര്‍ ഷെയ്ക് ഹമദ് ബിന്‍ സയിദ് അല്‍ നഹിയാനുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ചയുടെ തുടര്‍ച്ചയായാണ് അതോറിറ്റി പ്രതിനിധികള്‍ കേരളവുമായി ചര്‍ച്ച നടത്തിയത്. കേരളത്തില്‍ നിക്ഷേപ സൗഹൃദമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗെയില്‍ പ്രകൃതി വാതക പൈപ്പ്ലൈന്‍, പവര്‍ ഹൈവെ, ദേശീയ പാത, ദേശീയ ജലപാത തുടങ്ങി മുടങ്ങിക്കിടന്ന പല അടിസ്ഥാന സൗകര്യപദ്ധതികളും പൂര്‍ത്തിയാ ക്കാനും നിര്‍മാണത്തില്‍ പുരോഗതി കൈവരിക്കാനും കഴിഞ്ഞിട്ടുണ്ട്. കിഫ്ബി മുഖേന പണം സമാഹരിച്ച് വന്‍തോതില്‍ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ നടപ്പാക്കിവരികയാണ്. ഇതിനകം തന്നെ 45,000 കോടി രൂപയുടെ പദ്ധതികള്‍ കിഫ്ബി അംഗീകരിച്ചു.

ആദിയയുമായി കൂടുതല്‍ ചര്‍ച്ചയ്ക്കും പദ്ധതികള്‍ പ്രാവര്‍ത്തികമാക്കു ന്നതിനും സംസ്ഥാന സര്‍ക്കാരിന്‍റെയും ആദിയയുടെയും പ്രതിനിധികള്‍ അടങ്ങുന്ന കമ്മിറ്റി രൂപീകരിക്കാവുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആദിത്യ ഭാര്‍ഗവ, സുല്‍ത്താന്‍ അല്‍ മെഹരി, ഹമദ് അല്‍ കെത്ത്ബി എന്നിവരും ആദിയയ്ക്കു വേണ്ടി ചര്‍ച്ചയില്‍ പങ്കെടുത്തു. സംസ്ഥാന സര്‍ക്കാരിന്‍റെ ഭാഗത്തുനിന്ന് വ്യവസായ മന്ത്രി ഇ പി ജയരാജന്‍, ചീഫ് സെക്രട്ടറി ടോം ജോസ്, വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ. ഇളങ്കോവന്‍ എന്നിവരും ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫ് അലിയും ചര്‍ച്ചയില്‍ പങ്കെടുത്തു.

Follow Us:
Download App:
  • android
  • ios