അടിയന്തര സേവന നമ്പറിന്റെ പ്രാധാന്യം മാതാപിതാക്കള്‍ കുട്ടികള്‍ക്ക് പഠിപ്പിച്ചു കൊടുക്കണമെന്നും അത്യാവശ്യ ഘട്ടങ്ങളില്‍ ഉപയോഗിക്കാനുള്ളതാണ് ഈ നമ്പരെന്നും സാമൂഹിക മാധ്യമങ്ങളിലൂടെ അബുദാബി പൊലീസ് അറിയിച്ചു.

അബുദാബി: പൊലീസിന്റെ അടിയന്തര സേവന നമ്പറിലേക്ക് നിരവധി അനാവശ്യ കോളുകള്‍ എത്തുന്നെന്നും ഇതില്‍ കൂടുതലും കുട്ടികളാണ് വിളിക്കുന്നതെന്നും അബുദാബി പൊലീസ്. 999 എന്ന എമര്‍ജന്‍സി ഹോട്ട്‌ലൈന്‍ നമ്പറിലേക്കാണ് ഇത്തരത്തില്‍ കോളുകള്‍ എത്തുന്നത്.

അടിയന്തര സേവന നമ്പറിന്റെ പ്രാധാന്യം മാതാപിതാക്കള്‍ കുട്ടികള്‍ക്ക് പഠിപ്പിച്ചു കൊടുക്കണമെന്നും അത്യാവശ്യ ഘട്ടങ്ങളില്‍ ഉപയോഗിക്കാനുള്ളതാണ് ഈ നമ്പരെന്നും സാമൂഹിക മാധ്യമങ്ങളിലൂടെ അബുദാബി പൊലീസ് അറിയിച്ചു. മാതാപിതാക്കളോ കുടുംബാംഗങ്ങളോ കുട്ടികളെ നിയന്ത്രിക്കാത്തതാണ് അനാവശ്യ കോളുകളുടെ പ്രധാന കാരണമെന്ന് ഓപ്പറേഷന്‍സ് വിഭാഗം പറഞ്ഞു. അബുദാബി പൊലീസ് ഒരു കോള്‍ പോലും അവഗണിക്കാറില്ല. അതുകൊണ്ട് തന്നെ ഏറെ ഗൗരവമേറിയതും ജീവന് ഭീഷണിയാകുന്നതുമായ അടിയന്തര ഘട്ടങ്ങളില്‍ ഇത്തരത്തില്‍ കുട്ടികളുടെ അനാവശ്യ ഫോണ്‍ കോളുകള്‍ എത്തുന്നത് അപകടകരമാണെന്ന് പൊലീസ് അറിയിച്ചു. അതേസമയം ഇങ്ങനെ അനാവശ്യ കോളുകള്‍ തുടര്‍ച്ചയായി ലഭിക്കുകയാണെങ്കില്‍ അതിന്റെ ഉത്തരവാദികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.