നടുക്കുന്ന വാഹനാപകടത്തിന്‍റെ ദൃശ്യങ്ങൾ പുറത്തുവിട്ട് പൊലീസ്.  ഡ്രൈവിംഗിനിടെയുള്ള ശ്രദ്ധക്കുറവ് എങ്ങനെ വലിയ ദുരന്തങ്ങളിൽ കലാശിക്കുമെന്ന് ഈ ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. ഇത്തരം നിയമലംഘനങ്ങൾക്ക് കനത്ത പിഴ ചുമത്തുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകുന്നു.

അബുദാബി: റോഡ് സുരക്ഷാ നിയമങ്ങൾ പാലിക്കാത്തത് മൂലം സംഭവിക്കുന്ന അപകടങ്ങളുടെ തീവ്രത വ്യക്തമാക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവിട്ട് അബുദാബി പൊലീസ്. പ്രധാന റോഡിലേക്ക് അശ്രദ്ധമായി വാഹനം പ്രവേശിക്കുന്നതും ഡ്രൈവിംഗിനിടെയുള്ള ശ്രദ്ധക്കുറവുമാണ് ഈ അപകടങ്ങൾക്ക് കാരണമെന്ന് പൊലീസ് വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പൊലീസ് പുറത്തുവിട്ട വീഡിയോയിൽ ഒരു വെളുത്ത കാർ, പാർക്കിംഗ് ഏരിയയിൽ നിന്ന് റോഡിലേക്ക് പ്രവേശിക്കുമ്പോൾ പിന്നിൽ നിന്ന് അമിതവേഗതയിൽ വന്ന വാഹനത്തെ ശ്രദ്ധിച്ചില്ല. ഇത് വലിയൊരു കൂട്ടിയിടിയിൽ കലാശിക്കുകയും നിയന്ത്രണം വിട്ട വാഹനം തൊട്ടടുത്ത ലേയ്നിലെ മറ്റൊരു കാറിലിടിക്കുകയും ചെയ്തു. ഇതോടെ റോഡിലെ ഗതാഗതം പൂർണമായും തടസ്സപ്പെടുകയായിരുന്നു. ഇടത് വശത്തേക്ക് മാറാൻ സിഗ്നൽ നൽകിയെങ്കിലും ഡ്രൈവർക്കുണ്ടായ ശ്രദ്ധക്കുറവ് മൂലം വാഹനം മറിയുകയും റോഡിലെ ബാരിയറിൽ ഇടിച്ചു നിൽക്കുകയുമായിരുന്നു. ഡ്രൈവർക്കും മറ്റുള്ളവർക്കും ജീവഹാനി സംഭവിക്കാവുന്ന രീതിയിലായിരുന്നു ഈ അപകടം.

യുഎഇ ട്രാഫിക് നിയമപ്രകാരം ഇത്തരം നിയമലംഘനങ്ങൾക്ക് കനത്ത പിഴയാണ് ചുമത്തുന്നത്. ശ്രദ്ധിക്കാതെ റോഡിലേക്ക് പ്രവേശിച്ചാൽ 400 ദിർഹം പിഴയും 4 ബ്ലാക്ക് പോയിന്റുകളുമാണ് ശിക്ഷ. അശ്രദ്ധമായ ഡ്രൈവിംഗിന് 800 ദിർഹം പിഴയും 4 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. വാഹനമോടിക്കുമ്പോൾ മറ്റ് കാര്യങ്ങളിൽ ശ്രദ്ധിക്കാതെ റോഡിലെ സാഹചര്യങ്ങൾ മാത്രം ശ്രദ്ധിക്കാൻ പൊലീസ് ഡ്രൈവർമാരോട് അഭ്യർത്ഥിച്ചു. അപ്രതീക്ഷിതമായി റോഡിൽ ഉണ്ടാകുന്ന മാറ്റങ്ങളെ നേരിടാൻ പൂർണ്ണമായ ശ്രദ്ധ അത്യാവശ്യമാണെന്നും പൊലീസ് ഓർമ്മിപ്പിച്ചു.

Scroll to load tweet…