കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ അബുദാബി പൊലീസ് പങ്കുവെച്ച ഒരു വീഡിയോ ക്ലിപ്പില്‍ രണ്ട് അപകടങ്ങളുടെ ദൃശ്യങ്ങളാണുള്ളത്.

അബുദാബി: കാല്‍നട യാത്രക്കാര്‍ക്ക് റോഡ് മുറിച്ചുകടക്കാന്‍ നിശ്ചയിച്ചു നല്‍കിയിട്ടുള്ള പ്രത്യേക സ്ഥലങ്ങളിലൂടെ മാത്രമേ റോഡ് ക്രോസ് ചെയ്യാവൂ എന്ന് ഓര്‍മിപ്പിച്ച് അബുദാബി പൊലീസ്. അശ്രദ്ധമായി റോഡ് മുറിച്ച് കടക്കുന്നതിലൂടെ ഉണ്ടായ അപകടങ്ങളുടെ വീഡോയി ക്ലിപ്പുകള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചു കൊണ്ടാണ് പൊലീസിന്റെ മുന്നറിയിപ്പ്.

കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ അബുദാബി പൊലീസ് പങ്കുവെച്ച ഒരു വീഡിയോ ക്ലിപ്പില്‍ രണ്ട് അപകടങ്ങളുടെ ദൃശ്യങ്ങളാണുള്ളത്. ഒരു റൗണ്ട്എബൗട്ടിന് സമീപം ധൃതിയില്‍ റോഡ് മുറിച്ച് കടക്കുന്ന ഒരാള്‍ റോഡിന്റെ മറുവശത്ത് എത്താന്‍ അല്‍പം മാത്രം അകലെയെത്തിയ സന്ദര്‍ഭത്തില്‍ ഒരു വാഹനം ഇടിക്കുന്നതാണ് ഒന്നാമത്തെ ദൃശ്യം. മറ്റൊരു ദൃശ്യത്തില്‍ അലക്ഷ്യമായി റോഡ് മുറിച്ചു കടക്കുന്ന രണ്ട് പേരെ ഒരു പിക്കപ്പ് ട്രക്ക് ഇടിക്കുന്നതും കാണാം. രണ്ട് വീഡിയോ ക്ലിപ്പുകളിലും റോഡ് മുറിച്ചു കടക്കുന്നവര്‍ യഥാ സ്ഥാനങ്ങളിലൂടെയല്ല ക്രോസ് ചെയ്യുന്നത്. 

മറ്റൊരു വാഹനം തൊട്ടു മുന്നിലോ വശത്തോ ഉള്ള സമയങ്ങളില്‍ ഡ്രൈവര്‍മാര്‍ക്ക് റോഡ് ക്രോസ് ചെയ്യുന്നവരെ മുന്‍കൂട്ടി കാണാനും സാധിക്കില്ല. തൊട്ടടുത്ത് വെച്ചായിരിക്കും ആളുകള്‍ അവരുടെ കണ്ണില്‍പെടുക. വേഗത്തില്‍ ഓടുന്ന വാഹനങ്ങള്‍ അത്ര കുറഞ്ഞ സമയം കൊണ്ട് നിര്‍ത്താന്‍ സാധിക്കാതെ വരികയും അപകടത്തിലേക്ക് നയിക്കപ്പെടുകയും ചെയ്യും. കാല്‍നട യാത്രക്കാര്‍ക്കുള്ള നടപ്പാലങ്ങളോ സീബ്രാ ക്രോസിങുകളോ ഉപയോഗിക്കണമെന്നാണ് അധികൃതര്‍ നല്‍കുന്ന നിര്‍ദേശം. നിര്‍ദിഷ്ട സ്ഥാനങ്ങളിലല്ലാതെ റോഡ് മുറിച്ചുകടക്കുന്നവര്‍ക്ക് 400 ദിര്‍ഹം പിഴ ലഭിക്കും. ഇത്തരക്കാര്‍ സ്വന്തം ജീവനും റോഡിലെ മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കുകയാണെന്നും പൊലീസ് ഓര്‍മിപ്പിച്ചു.

വീഡിയോ കാണാം...

Scroll to load tweet…


Read also:  തമാശയ്ക്ക് വേണ്ടി അല്‍പം ക്രൂരത; വൈറല്‍ വീഡിയോയിലെ മൂന്ന് യുവാക്കള്‍ അറസ്റ്റില്‍