അബുദാബി: ശുചിത്വ മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് അബുദാബിയിലെ റസ്റ്റോറന്റ് പൂട്ടിച്ച് അധികൃതര്‍. ആരോഗ്യ-ഭക്ഷ്യ സുരക്ഷാ നിബന്ധനകള്‍ പലതവണ ലംഘിച്ചതിനാണ് ഡിഫന്‍സ് സ്ട്രീറ്റിലെ പാഷ ഈജിപ്‍ത് റസ്റ്റോറന്റിനെതിരെ അബുദാബി അഗ്രികള്‍ച്ചര്‍ ആന്റ് ഫുഡ് സേഫ്റ്റി അതോരിറ്റി നടപടിയെടുത്തത്.

ഭക്ഷണം നിലത്ത് സൂക്ഷിച്ചു, വൃത്തിയില്ലാത്ത അടുക്കള, ഭക്ഷണം പാചകം ചെയ്യാന്‍ വൃത്തിഹീനമായ ഉപകരണങ്ങള്‍ ഉപയോഗിച്ചു തുടങ്ങിയ നിയമലംഘനങ്ങളാണ് അധികൃതര്‍ ഇവിടെ കണ്ടെത്തിയത്. റഫ്രിജറേറ്ററുകളും ഫ്രീസറുകളും അറ്റകുറ്റപ്പണികള്‍ നടത്താതെ തുരുമ്പ് പിടിച്ചിരുന്നു. പാചകം ചെയ്‍ത ഭക്ഷണം സാധാരണ താപനിലയില്‍ തുറന്നുവെച്ചു. സാധനങ്ങളില്‍ ലേബലുകള്‍ ഉണ്ടായിരുന്നില്ലെന്നും അധികൃതര്‍ പറഞ്ഞു.

ഫെബ്രുവരി 10നും സെപ്‍തംബര്‍ 20നു ഇടയ്ക്ക് അധികൃതര്‍ മൂന്ന് തവണ ഈ സ്ഥാപനത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും നിര്‍ദേശങ്ങളൊന്നും പാലിച്ചില്ല. നിയമലംഘനങ്ങള്‍ തുടര്‍ന്നതോടെയാണ് നടപടിയെടുത്തത്. നിയമലംഘനങ്ങള്‍ പരിഹരിച്ച് ശുചിത്വമാനദണ്ഡങ്ങള്‍ പൂര്‍ണമായി പാലിക്കുന്നതുവരെ റസ്റ്റോറന്റ് അടഞ്ഞുകിടക്കുമെന്നാണ് അറിയിപ്പ്.