തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നാണ് എംബിബിഎസ് പാസായത്. മലേറിയ അടക്കമുള്ള രോഗങ്ങളെ നേരിടാൻ അദ്ദേഹത്തെ ഷെയ്ഖ് സായിദ് ഇംഗ്ലണ്ടിൽ അയച്ചു പഠിപ്പിച്ചു.

അബുദാബി: പിറന്ന മണ്ണിനൊപ്പമാണ് ഡോ. ജോര്‍ജ് മാത്യു യുഎഇയെ സ്നേഹിച്ചത്. കൊടുത്ത സ്നേഹം ഇരട്ടിയാക്കി യുഎഇ മടക്കി. യുഎഇയിലെ ഒരു റോഡ് ഇനി അറിയപ്പെടുക ഡോ. ജോര്‍ജ്ജ് മാത്യുവിന്‍റെ നാമധേയത്തില്‍! 57 വര്‍ഷമായി യുഎഇയ്ക്ക് ഡോക്ടര്‍ നല്‍കിയ സേവനങ്ങള്‍ക്കുള്ള ആദരമായാണ് ഈ അംഗീകാരം. അബുദാബി മുനിസിപ്പാലിറ്റിസ് ആൻഡ് ട്രാൻസ്‌പോർട്ട് വകുപ്പാണ് റോഡിന് ഈ പേര് നൽകിയത്.

അബുദാബി അൽ മഫ്രകിലെ ഷൈഖ് ഷഖ്ബൂത്ത് മെഡിക്കൽ സിറ്റിക്ക് സമീപത്തുള്ള റോഡാണ് ഇനി ജോർജ് മാത്യു സ്ട്രീറ്റ് എന്നറിയപ്പെടുക. പത്തനംതിട്ട തുമ്പമണ്ണിൽ വേരുകളുള്ള ജോര്‍ജ്ജ് മാത്യു 1967ല്‍ യുഎഇയിലെത്തുമ്പോള്‍ അദ്ദേഹത്തിന് വെറും 26 വയസ്സ് മാത്രമാണ് പ്രായം. അന്ന് മുതല്‍ യുഎഇയ്ക്ക് വേണ്ടി സേവനം ചെയ്ത ഡോക്ടര്‍ ഈ മേഖലയില്‍ പിന്നിട്ടത് അഞ്ചേമുക്കാല്‍ പതിറ്റാണ്ട് ദൂരമാണ്. നേരത്തേ യുഎഇ സമ്പൂർണ പൗരത്വവും അബൂദാബി അവാർഡും അദ്ദേഹത്തിന് നൽകിയിരുന്നു.

Read Also - ലാൻഡിങ്ങിനിടെ തീയും പുകയും; അതിവേഗ ഇടപെടൽ, വിമാനത്തിന്‍റെ എമർജൻസി ഡോറുകൾ തുറന്നു, യാത്രക്കാർ സുരക്ഷിതർ

അൽ ഐനിലെ ആദ്യ സർക്കാർ ഡോക്ടര്‍മാരില്‍ ഒരാളാണ് ഇദ്ദേഹം. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നാണ് എംബിബിഎസ് പാസായത്. മലേറിയ അടക്കമുള്ള രോഗങ്ങളെ നേരിടാൻ അദ്ദേഹത്തെ ഷെയ്ഖ് സായിദ് ഇംഗ്ലണ്ടിൽ അയച്ചു പഠിപ്പിച്ചു. ഹോസ്പിറ്റൽ മാനേജ്‌മെന്റ് ചുമതലകൾ നൽകിയപ്പോൾ വിദഗ്ധ പഠനത്തിന് ഹാർവാർഡിലേക്ക് അയച്ചു. 1972-ൽ അൽ ഐൻ റീജിയന്‍റെ മെഡിക്കൽ ഡയറക്ടർ, 2001-ൽ ഹെൽത്ത് അതോറിറ്റി കൺസൾട്ടന്റ് തുടങ്ങി നിരവധി സ്ഥാനങ്ങൾ വഹിച്ചു. 84-ാമത്തെ വയസിലും പ്രസിഡൻഷ്യൽ ഡിപ്പാർട്ട്‌മെന്റിനു കീഴിലുള്ള പ്രൈവറ്റ് ഹെൽത്തിൽ ഡോ. ജോർജ് മാത്യൂ സജീവമാണ്. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം