ഡിപിഐ പരിശോധനാഫലം ഹാജരാക്കി അബുദാബിയില്‍ പ്രവേശിക്കുന്നവര്‍ 48 മണിക്കൂറില്‍ കൂടുതല്‍ എമിറേറ്റില്‍ കഴിയുകയാണെങ്കില്‍ മൂന്നാം ദിവസം പിസിആര്‍ ടെസ്റ്റിന് വിധേയമാകണം. ഏഴ് ദിവസമോ അതിലധികമോ എമിറേറ്റില്‍ താമസിക്കുകയാണെങ്കില്‍ ഏഴാം ദിവസവും പിസിആര്‍ പരിശോധന നടത്തണം.

അബുദാബി: യുഎഇയിലെ വിവിധ എമിറേറ്റുകളില്‍ താമസിക്കുന്നവര്‍ക്ക് അബുദാബിയിലേക്ക് പ്രവേശിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ കര്‍ശനമാക്കി. അബുദാബി എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റേഴ്‌സ് കമ്മറ്റിയാണ് എമിറേറ്റിലേക്ക് പ്രവേശിക്കാനുള്ള നടപടിക്രമങ്ങളുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടത്. ഫെബ്രുവരി ഒന്ന് തിങ്കളാഴ്ച മുതല്‍ ഇത് പ്രാബല്യത്തില്‍ വരും.

കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ രോഗവ്യാപനം പ്രതിരോധിക്കാനുള്ള ലക്ഷ്യത്തിന്റെ ഭാഗമായാണ് തീരുമാനം. 48 മണിക്കൂറിനുള്ളില്‍ എടുത്ത കൊവിഡ് പിസിആര്‍ പരിശോധനയുടെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്കാണ് എമിറേറ്റിലേക്ക് പ്രവേശനാനുമതി. നാല് ദിവസമോ അതില്‍ കൂടുതലോ എമിറേറ്റില്‍ താമസിക്കുകയാണെങ്കില്‍ നാലാം ദിവസവും എട്ടാം ദിവസവും കൊവിഡ് പിസിആര്‍ പരിശോധനയ്ക്ക് വിധേയമാകണം.

പ്രവേശനത്തിനുള്ള നടപടിക്രമങ്ങളില്‍ വരുത്തിയ മാറ്റം അനുസരിച്ച് 24 മണിക്കൂറിനുള്ളിലെടുത്ത ഡിപിഐ പരിശോധനയുടെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റണ്ടെങ്കിലും അബുദാബിയില്‍ പ്രവേശിക്കാം. എന്നാല്‍ ഡിപിഐ പരിശോധാഫലം കാണിച്ച് തുടര്‍ച്ചയായി രണ്ട് തവണ എമിറേറ്റില്‍ പ്രവേശിക്കാനാവില്ല. ഡിപിഐ പരിശോധനാഫലം ഹാജരാക്കി അബുദാബിയില്‍ പ്രവേശിക്കുന്നവര്‍ 48 മണിക്കൂറില്‍ കൂടുതല്‍ എമിറേറ്റില്‍ കഴിയുകയാണെങ്കില്‍ മൂന്നാം ദിവസം പിസിആര്‍ ടെസ്റ്റിന് വിധേയമാകണം.

ഏഴ് ദിവസമോ അതിലധികമോ എമിറേറ്റില്‍ താമസിക്കുകയാണെങ്കില്‍ ഏഴാം ദിവസവും പിസിആര്‍ പരിശോധന നടത്തണം. എല്ലാ യുഎഇ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും ഈ നടപടിക്രമങ്ങള്‍ ബാധകമാണ്. എന്നാല്‍ വാക്‌സിന്റെ ക്ലിനിക്കല്‍ ട്രയലില്‍ പങ്കാളികളായ സന്നദ്ധ പ്രവര്‍ത്തകരെയും ദേശീയ വാക്‌സിനേഷന്‍ പദ്ധതിയുടെ ഭാഗമായി വാക്‌സിന്‍ സ്വീകരിച്ച്, അല്‍ ഹൊസന്‍ ആപ്പില്‍ ആക്ടീവ് ഐക്കണ്‍ ലഭിച്ചവരെയും ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 

Scroll to load tweet…