ദുബായ്: കൊവിഡ് 19 സുരക്ഷാ നിയമങ്ങള്‍ ലംഘിച്ച അറബ് അഭിനേത്രിയെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. കൊവിഡ് പ്രതിരോധ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ ദുബായിലെ രണ്ട് റസ്റ്റോറന്റുകളിലായി നടി ജന്മദിന പാര്‍ട്ടികള്‍ സംഘടിപ്പിച്ചതായി പൊലീസ് പറഞ്ഞു.

ജന്മദിന പാര്‍ട്ടിയുടെ വീഡിയോ ഇവര്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. സാമൂഹിക അകലം പാലിക്കാതെയും മാസ്‌ക് ധരിക്കാതെയുമാണ് പാര്‍ട്ടിയില്‍ അതിഥികള്‍ പങ്കെടുത്തതെന്ന് വീഡിയോയിലൂടെ വ്യക്തമായതായി ദുബായ് പൊലീസ് സിഐഡി ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജമാല്‍ സാലെം അല്‍ ജല്ലാഫ് അറിയിച്ചു. ഇത്തരത്തില്‍ പാര്‍ട്ടി സംഘടിപ്പിക്കുന്നവര്‍ക്കും ഇതിലേക്ക് അതിഥികളെ ക്ഷണിക്കുന്നവര്‍ക്കും 10,000 ദിര്‍ഹം പിഴ ചുമത്തുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൊവിഡ് സുരക്ഷാ മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തവര്‍ക്ക് യാതൊരു വിട്ടുവീഴ്ചയും പൊലീസ് അനുവദിക്കില്ല. സ്വകാര്യ, പൊതു വേദികളില്‍ പാര്‍ട്ടികള്‍, ആഘോഷങ്ങള്‍, സമ്മേളനങ്ങള്‍ എന്നിവ സംഘടിപ്പിക്കുന്നതും അതില്‍ പങ്കെടുക്കുന്നതും കുറ്റകരമാണ്.