അജ്‍മാന്‍: താനോ ഭര്‍ത്താവോ യുഎഇയില്‍ ഒളിവില്‍ പോയിട്ടില്ലെന്നും തങ്ങള്‍ക്കെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുകയാണെന്നും ആരോപിച്ച് സീരിയല്‍ നടി പ്രസില്ല ജെറിന്‍. യുഎഇയില്‍ ഒളിവിലാണെന്നും യാത്രാവിലക്കുണ്ടെന്നുമുള്ള തരത്തില്‍ അടിസ്ഥാന രഹിതമായ വാര്‍ത്തയാണ് തനിക്കെതിരെ ഒരു ഓണ്‍ലൈന്‍ മാധ്യമത്തില്‍ പ്രചരിക്കുന്നതെന്നും എന്ത് അടിസ്ഥാനത്തിലാണെന്ന് ഇത്തരനൊരു വാര്‍ത്ത നല്‍കുന്നതെന്ന് അറിയില്ലെന്നും പ്രെസില്ല പറഞ്ഞു.

പ്രെസില്ലയുടെ ഭര്‍ത്താവ് ബിസിനസ് പങ്കാളിക്ക് പണം നല്‍കാതെ കബളിപ്പിച്ചതിനാല്‍ യുഎഇയില്‍ ഇരുവര്‍ക്കും യാത്രാ വിലക്കും അറസ്റ്റ് വാറണ്ടുമുണ്ടെന്ന തരത്തിലായിരുന്നു ഒരു ഓണ്‍ലൈന്‍ മാധ്യമത്തില്‍ വാര്‍ത്ത പ്രചരിച്ചത്. പൊതുരംഗത്ത് പ്രത്യക്ഷപ്പെട്ടാല്‍ നടിയെ അറസ്റ്റ് ചെയ്യുമെന്നും വാര്‍ത്തയിലുണ്ടായിരുന്നു. ഇത് നിഷേധിച്ച പ്രെസില്ല ജെറിന്‍, താനും ഭർത്താവും യുഎഇയുടെ നിയമത്തിൽ നിന്നുകൊണ്ട്‌ ബിസിനസ്‌ നടത്തുന്നവരാണെന്ന് അവകാശപ്പെട്ടു. തങ്ങള്‍ രണ്ടുപേരും ഒളിവിൽ പോയിട്ടില്ല ഇപ്പോഴും യുഎഇയിലെ അജ്മാനിൽ താമസിക്കുന്നുണ്ട്‌. ആർക്കു വേണമെങ്കിലും തങ്ങളെ എപ്പോൾ വേണമെങ്കിലും കാണാനുമാവും. തനിക്കെതിരെ വ്യാജ വാര്‍ത്ത നല്‍കിയ ഓണ്‍ലൈന്‍ മാധ്യമത്തിനെതിരെ യുഎഇ പൊലീസിലും ഇന്ത്യൻ കോൺസുലേറ്റിലും അടുത്തദിവസം പരാതികൊടുക്കുമെന്നും പ്രെസില്ല പറ‌ഞ്ഞു.