നാടക സമിതികൾ ഇപ്പോൾ വളരെ സജീവമായി മസ്‌കറ്റിലെ കലാ രംഗത്തുണ്ട്
മസ്കറ്റ്: സാഹിത്യനിരൂപകനും നാടകകൃത്തും തിരക്കഥാകൃത്തുമായ എൻ ശശിധരൻ രചിച്ച അടുക്കള എന്ന സ്ത്രീപക്ഷ നാടകം, മസ്കറ്റ് ഇന്ത്യൻ സോഷ്യൽ ക്ലബിന്‍റെ കേരളം വിഭാഗം അരങ്ങത്ത് അവതരിപ്പിച്ചു. മസ്‌കറ്റിലെ നാടകപ്രേമികൾക്കു ഒരു വേറിട്ട അനുഭവമാണ് നാടകം സമ്മാനിച്ചത്.
കേരളത്തിൽ നാടകങ്ങൾക്കും, നാടക സമിതികൾക്കും പ്രചാരം കുറയുമ്പോഴും മലയാള നാടകങ്ങൾക്ക് പുതു ജീവൻ നൽകി വേദികളിൽ എത്തിക്കുകയാണ് മസ്‌കറ്റിലെ നാടക പ്രേമികളായ പ്രവാസികൾ. പ്രവാസ ജീവിതത്തിന്‍റെ തിരക്കിലും സമയം കണ്ടെത്തി വളരെ ഗൗരവമായി നാടകങ്ങളെ സമീപിക്കുകയും, വേദികളിൽ അവതരിപ്പിക്കുകയും ചെയ്യുന്ന നാടക സമിതികൾ ഇപ്പോൾ വളരെ സജീവമായി മസ്‌കറ്റിലെ കലാ രംഗത്തുണ്ട്.
മസ്കറ്റ് ഇന്ത്യൻ സോഷ്യൽ ക്ലബിന്‍റെ കേരളവിഭാഗം അവതരിപ്പിച്ച അടുക്കള എന്ന സ്ത്രീപക്ഷ നാടകത്തിലൂടെ, അടുക്കളയിലെ അടുപ്പിലെ വിറകു പോലെ കത്തി അമരുന്ന അമ്മമാരുടെ ജീവിതത്തിന്‍റെ ഒരു കഥയാണ് അരങ്ങേറിയത്. അഭിനേതാക്കളെയും, പിന്നണിയിൽ പ്രവർത്തിച്ചവരെയും നാടകാവതരണത്തിന് ശേഷം കേരളവിഭാഗം ഭാരവാഹികൾ ഉപഹാരങ്ങൾ നൽകി ആദരിക്കുകയും ചെയ്തു.
