ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ സര്‍ജന്‍, അനസ്തേഷ്യ നല്‍കിയ ഡോക്ടര്‍, അനസ്തേഷ്യ ടെക്നീഷ്യന്‍ എന്നിവര്‍ക്ക് ഒരു വര്‍ഷം ജയില്‍ ശിക്ഷ നേരത്തെ കോടതി വിധിച്ചിരുന്നു. ഇവരുടെ ഭാഗത്തുനിന്ന് സംഭവിച്ച വീഴ്ച കാരണമാണ് യുഎഇ സ്വദേശിയായ 25കാരിക്ക് സ്ഥിര അംഗവൈകല്യങ്ങള്‍ സംഭവിക്കാന്‍ ഇടയാക്കിയത്. 

ദുബൈ: മൂക്കിലെ ശസ്ത്രക്രിയയ്ക്കിടെയുണ്ടായ പിഴവ് കാരണം രോഗി 'കോമ'യിലായ സംഭവത്തില്‍ ഒരു കോടി ദിര്‍ഹം (20 കോടിയോളം ഇന്ത്യന്‍ രൂപ) നഷ്ടപരിഹാരം നല്‍കണമെന്ന് ദുബൈ സിവില്‍ കോടതിയുടെ ഉത്തരവ്. സംഭവത്തില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ രണ്ട് ഡോക്ടര്‍മാരും ഒരു ടെക്നീഷ്യനും ശസ്‍ത്രക്രിയ നടത്തിയ ക്ലിനിക്കും ചേര്‍ന്നാണ് നഷ്ടപരിഹാരം നല്‍കേണ്ടത്.

ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ സര്‍ജന്‍, അനസ്തേഷ്യ നല്‍കിയ ഡോക്ടര്‍, അനസ്തേഷ്യ ടെക്നീഷ്യന്‍ എന്നിവര്‍ക്ക് ഒരു വര്‍ഷം ജയില്‍ ശിക്ഷ നേരത്തെ കോടതി വിധിച്ചിരുന്നു. ഇവരുടെ ഭാഗത്തുനിന്ന് സംഭവിച്ച വീഴ്ച കാരണമാണ് യുഎഇ സ്വദേശിയായ 25കാരിക്ക് സ്ഥിര അംഗവൈകല്യങ്ങള്‍ സംഭവിക്കാന്‍ ഇടയാക്കിയത്. യുവതിയുടെ കാഴ്ചശക്തിയും കേള്‍വിയും നഷ്ടമാവുകയും 'കോമ' അവസ്ഥയിലാവുകയും ചെയ്തു. ജയില്‍ ശിക്ഷ അനുഭവിച്ചതിന് ശേഷം പ്രതികളെ നാടുകടത്താനാണ് കോടതി ഉത്തരവ്. ശസ്ത്രക്രിയ നടത്തിയ മെഡിക്കല്‍ സെന്റര്‍ മൂന്ന് ലക്ഷം ദിര്‍ഹം പിഴ അടയ്ക്കണമെന്ന് കോടതി നേരത്തെ വിധിച്ചിരുന്നു.

ശ്വാസതടസത്തിന് ചികിത്സ തേടിയാണ് 25കാരിയായ സ്വദേശി യുവതി ആശുപത്രിയിലെത്തിയത്. പരിശോധനകള്‍ക്ക് ശേഷം മൂക്കിലെ എല്ലിന് ശസ്ത്രക്രിയ നിര്‍ദേശിച്ചു. ഇത്തരം ശസ്ത്രക്രിയകള്‍ നടത്താന്‍ സൗകര്യമില്ലാതിരുന്ന ക്ലിനിക്കില്‍ വെച്ചാണ് ശസ്ത്രക്രിയ ചെയ്തത്. ശസ്ത്രക്രിയക്കിടയിലും ഗുരുതരമായ പിഴവുകള്‍ ഡോക്ടര്‍മാരുടെ ഭാഗത്തുനിന്നുണ്ടായി.

 ശസ്ത്രക്രിയക്കിടെ രോഗിയുടെ രക്തസമ്മര്‍ദം അപകടകരമായ വിധത്തില്‍ കുറയുകയും രക്തചംക്രമണത്തില്‍ പ്രശ്നങ്ങളുണ്ടാവുകയും ചെയ്തു. തലച്ചോറിലേക്കുള്ള ഓക്സിജന്‍ വിതരണത്തില്‍ തടസം നേരിടുകയും പലതവണ ഹൃദയസ്തംഭനവുമുണ്ടായതോടെ രോഗി 'കോമ' അവസ്ഥയിലേക്ക് പോവുകയായിരുന്നു.