Asianet News MalayalamAsianet News Malayalam

ഒരു ഇടവേളക്ക് ശേഷം മുഴുനീള നാടകവുമായി മസ്കറ്റിലെ ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് കേരള വിഭാഗം വീണ്ടും

ഷീനയും, സുനില്‍ ദത്തും മുഖ്യവേഷമിടുന്ന നാടകം, 2020 ജനുവരി മൂന്നിന് അല്‍ ഫെലാജ് ഹോട്ടലിലെ ഗ്രാന്‍ഡ്‌ ഹാളിലാണ് അരങ്ങേറുന്നത്. 

after break indian social club in muscat is back with a full-length drama
Author
Muscat, First Published Dec 29, 2019, 11:32 AM IST

മസ്ക്കറ്റ്: ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്ബ് കേരള വിഭാഗം ഒരു ഇടവേളക്ക് ശേഷം മുഴുനീള നാടകവുമായി മസ്കറ്റിലെ നാടക വേദിയില്‍ വീണ്ടും സജീവമാകുന്നു. എന്‍. ശശിധരന്‍ രചിച്ച “അടുക്കള”എന്ന നാടകത്തിനു രംഗാവിഷ്കാരമൊരുക്കുന്നത് മസ്കറ്റിലെ പ്രശസ്ത നാടക പ്രവര്‍ത്തകന്‍ പത്മനാഭന്‍ തലോറയാണ്.

സ്ത്രീപക്ഷ ആശയങ്ങളുടെ മുഖ്യ സമരവുമായി അടുക്കള എന്ന രൂപകം നമ്മുടെ ജീവിതത്തില്‍ മാറുകയാണ്. കപടസദാചാരസങ്കല്‍പ്പങ്ങളും ഹൃദയശ്യൂന്യമായ സ്ത്രീപുരുഷബന്ധങ്ങളും കൊണ്ട് മലയാളി കെട്ടിപ്പൊക്കിയ ഒരു ജീവിതവ്യവസ്ഥയെ ഏറെ അസ്വസ്ഥമാക്കാനിടയുള്ള ഒരു സൃഷ്ടിയാണ് അടുക്കള.

ഷീനയും, സുനില്‍ ദത്തും മുഖ്യവേഷമിടുന്ന നാടകം, 2020 ജനുവരി മൂന്നിന് അല്‍ ഫെലാജ് ഹോട്ടലിലെ ഗ്രാന്‍ഡ്‌ ഹാളിലാണ് അരങ്ങേറുന്നത്. വൈകുന്നേരം 5.30 മുതൽ ഹാളിലേക്ക് പ്രവേശനം അനുവദിക്കും. എന്‍ പി മുരളി, വേണുഗോപാല്‍, രെഞ്ജു അനു, സൌമ്യ വിനോദ്, അനുപമ സന്തോഷ്‌, ദിനേശ് എങ്ങൂര്‍, മോഹന്‍ കരിവെള്ളൂര്‍,  വിനോദ് ഗുരുവായൂര്‍, മാസ്റ്റര്‍ ഹൃദത് സന്തോഷ്‌, കുമാരി ഇഷാനി വിനോദ്, കുമാരി വാമിക വിനോദ് എന്നിവരും വിവിധ വേഷങ്ങളിടുന്നു.  

പ്രതാപ് പാടിയില്‍ വെളിച്ചവും രാജീവ് കീഴറ ശബ്ദ നിയന്ത്രണവും ഒരുക്കുന്നു.  സംഗീതം നൽകിയിരിക്കുന്നത് സതീഷ് കണ്ണൂരാണ്. പ്രവാസ ലോകത്തെ നടീനടൻമാർ മാത്രമാണ് "അടുക്കള" യിൽ വേഷമിടുന്നത്. മസ്കറ്റിലെ നാടക വേദിയില്‍ സജീവമായിരുന്ന കേരള വിഭാഗം, മുന്‍ കാലങ്ങളില്‍ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്ബ് സംഘടിപ്പിച്ചിരുന്ന നാടകോത്സവങ്ങളില്‍ സജീവമായി പങ്കെടുത്തു വന്നിരുന്നു. കേരള സംഗീത നാടക അക്കാദമി മസ്കറ്റിൽ സംഘടിപ്പിച്ച നാടക മത്സരത്തിലും പ്രേക്ഷക ശ്രദ്ധ നേടിയ നാടകം അവതരിപ്പിക്കുവാൻ കേരള വിഭാഗത്തിന് കഴിഞ്ഞിരുന്നു.    

നാടകത്തിന്റെ വിജയത്തിനായി പി എം ജാബിര്‍ ചെയര്‍മാനും റെജു മറക്കാത്ത് കണ്‍വീനറുമായി വിവിധ സബ് കമ്മിറ്റികള്‍ രൂപീകരിച്ച് പ്രവര്‍ത്തിച്ചു വരുന്നുണ്ട്. മസ്ക്കറ്റിലെ മലയാളി പ്രവാസ സമൂഹത്തിന് നൽകുന്ന മികച്ച പുതുവത്സര സമ്മാനമായി അടുക്കളയെ മാറ്റുവാനുള്ള പരിശ്രമത്തിലാണ് കേരള വിഭാഗത്തിന്റെ പ്രവർത്തകർ.
 

Follow Us:
Download App:
  • android
  • ios