കൊച്ചി: ലോക്ഡൗണിനെ തുടര്‍ന്ന് ഇന്ത്യയിൽ കുടുങ്ങിയ യുഎഇ പൗരന്മാരെ തിരികെ കൊണ്ടുപോകാൻ എയ‍ർ അറേബ്യ ഇന്ന് കൊച്ചിയില്‍ നിന്ന് പ്രത്യേക സര്‍വീസ് നടത്തും. ഉച്ചയ്ക്ക് 2.30ഓടെ കൊച്ചിയിലെത്തുന്ന വിമാനം 25 യാത്രക്കാരുമായി ഹൈദരാബാദിലേക്ക് തിരിക്കും. ഹൈദരാബാദിൽ കുടുങ്ങിയവരെയും കയറ്റി വൈകുന്നേരം 5.30ന് വിമാനം ഷാർജയിലേക്ക് പുറപ്പെടും.

കൊച്ചിയടക്കം ഇന്ത്യയിലെ നാല് നഗരങ്ങളില്‍ നിന്നാണ് യുഎഇയിലേക്ക് ഷാര്‍ജയുടെ ബജറ്റ് എയര്‍ലൈനായ എയര്‍ അറേബ്യ സര്‍വീസ് നടത്തുന്നത്. ദില്ലി, മുംബൈ എന്നിവിടങ്ങളില്‍ നിന്ന് ഏപ്രില്‍ 20ന് യുഎഇ പൗരന്മാരെ കൊണ്ടുപോയി. ഇതിന് പിന്നാലെയാണ് കൊച്ചിയില്‍ നിന്നും ഹൈദരാബാദില്‍ നിന്നും ഇന്ന് പ്രത്യേക സര്‍വീസ്‍. വിമാനയാത്രാ നിയന്ത്രണം കാരണം വിവിധ രാജ്യങ്ങളില്‍ കുടുങ്ങിയ പൗരന്മാരെ തിരികെയെത്തിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്ന് കമ്പനി നേരത്തെ പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചിരുന്നു. 

ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഒന്‍പത് രാജ്യങ്ങളിലേക്ക് പ്രത്യേക സര്‍വീസുകള്‍ ആരംഭിക്കുമെന്ന് കഴിഞ്ഞയാഴ്ച എയര്‍ അറേബ്യ അറിയിച്ചിരുന്നു. അഫ്ഗാനിസ്ഥാന്‍, ഇറാന്‍, കുവൈത്ത്, ബഹ്റൈന്‍, സുഡാന്‍, ഈജിപ്ത്, നേപ്പാള്‍ എന്നീ രാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യയിലേക്കും സര്‍വീസുകള്‍ ആരംഭിക്കുമെന്നായിരുന്നു ആദ്യ പ്രഖ്യാപനം. എന്നാല്‍ ഇന്ത്യയില്‍ ഏപ്രില്‍ മൂന്ന് വരെ ലോക് ഡൌണ്‍ നീട്ടിയ സാഹചര്യത്തില്‍ കാര്‍ഗോ സര്‍വീസുകള്‍ മാത്രമേ ഉണ്ടാകൂ എന്ന് പിന്നീട് തിരുത്തുകയായിരുന്നു.