ദില്ലി: ദുബൈയിലേക്കും തിരിച്ചുമുള്ള വിമാനങ്ങള്‍ മുന്‍ നിശ്ചയപ്രകാരമുള്ള ഷെഡ്യൂള്‍ അനുസരിച്ച് നാളെ മുതല്‍ സര്‍വ്വീസ് നടത്തുമെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. എയര്‍ ഇന്ത്യ എക്‌സ്പ്രസ് സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ഈ വിവരം അറിയിച്ചത്. 

ദുബൈയിലേക്കും തിരിച്ചുമുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ സെപ്തംബര്‍ 19(നാളെ)മുതല്‍ നേരത്തെ നിശ്ചയിച്ച ഷെഡ്യൂള്‍ പ്രകാരം സര്‍വ്വീസുകള്‍ നടത്തുമെന്ന് വിമാന അധികൃതര്‍ അറിയിച്ചു. വെള്ളിയാഴ്ച വൈകുന്നേരമാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് പുതിയ അറിയിപ്പ് പുറത്തുവിട്ടത്. കൊവിഡ് രോഗിയെ യാത്ര ചെയ്യാൻ അനുവദിച്ചതിനെ തുടർന്ന് വന്ദേഭാരത് പദ്ധതിയിലെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾക്ക് ദുബൈ താത്കാലിക വിലക്ക് ഏർപ്പെടുത്തിയിരുന്നു. വിലക്കിനെ തുടർന്ന് ദുബായിയിലേക്കും തിരിച്ചുമുള്ള എയർ ഇന്ത്യ എക്സ്പ്രസിന്റെ സര്‍വീസുകള്‍ ഷാർജയിലേക്ക് റീ ഷെഡ്യൂൾ ചെയ്തിരുന്നു. 

ഇന്ന് മുതൽ 15 ദിവസത്തേക്ക് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾക്ക് ദുബൈലേക്കോ ദുബൈയില്‍ നിന്ന് പുറത്തേക്കോ സര്‍വീസ് നടത്താനാകില്ലെന്നായിരുന്നു നേരത്തെ ലഭിച്ച അറിയിപ്പ്. എന്നാല്‍ ഈ വിലക്കാണ് ഒഴിവായതായി വിമാന അധികൃതര്‍ അറിയിച്ചിരിക്കുന്നത്. കൊവിഡ് പോസിറ്റീവ് ഫലം ഉണ്ടായിരുന്നിട്ടും യാത്രക്കാരെ യാത്ര ചെയ്യാൻ അനുവദിച്ചുവെന്ന് ചൂണ്ടിക്കാണിച്ചാണ് എയര്‍ ഇന്ത്യ എക്സ്പ്രസിനെതിരെ നടപടിയെടുത്തിരുന്നത്. ഈമാസം നാലിന് ജെയ്പൂരിൽ നിന്നുള്ള വിമാനത്തിലാണ് കൊവിഡ് പോസിറ്റീവ് റിസൽട്ടുമായി യാത്രക്കാരൻ ദുബൈയിലെത്തിയത്. മുമ്പും സമാനമായ സംഭവമുണ്ടായതിനാൽ സെപ്റ്റംബർ രണ്ടിന് ദുബൈ അധികൃതർ എയർ ഇന്ത്യ എക്സ്പ്രസിന് മുന്നറിയിപ്പ് നൽകിയിരുന്നു.

അതേസമയം സംഭവത്തിന് കാരണക്കാരായ ജീവനക്കാര്‍ക്കെതിരെ കർശന നടപടി സ്വീകരിക്കാനും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനും നടപടികൾ സ്വീകരിച്ചതായും എയർ ഇന്ത്യ വ്യക്തമാക്കിയിരുന്നു.

Update : All Air India Express flights from/to Dubai will operate as per original schedule w.e.f tomorrow, September 19,2020.

Posted by Air India Express on Friday, September 18, 2020