ദില്ലി: ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് മടങ്ങാനാഗ്രഹിക്കുന്ന പ്രവാസികള്‍ക്കുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചതായി എയര്‍ ഇന്ത്യ എക്സ്പ്രസ്. ട്വിറ്ററിലൂടെയാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് ഇക്കാര്യം അറിയിച്ചത്.  

എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ വെബ്സൈറ്റ്, കോള്‍ സെന്‍റര്‍, അംഗീകൃത ട്രാവല്‍ ഏജന്‍സികള്‍ എന്നിവ വഴി ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. ജൂലൈ 12 മുതല്‍ 26 വരെയുള്ള തീയതികളിലേക്കുള്ള ടിക്കറ്റ് ബുക്കിങാണ് ആരംഭിച്ചത്. യുഎഇയിലേക്കുള്ള റെസിഡന്‍റ് പെര്‍മിറ്റുള്ള യാത്രക്കാര്‍ മാത്രമെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാവൂ എന്നും എയര്‍ ഇന്ത്യ എക്സ്പ്രസ് അധികൃതര്‍ അറിയിച്ചു. 

യാത്രക്കാരുടെ കൈവശം ഐസിഎയുടെയോ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിന്‍ അഫയേഴ്സിന്‍റെയോ(ജിഡിആര്‍എഫ്എ) അനുമതി ഉണ്ടാവണം. എല്ലാ യാത്രക്കാരും യാത്ര പുറപ്പെടുന്നതിന് 96 മണിക്കൂറിനുള്ളില്‍ കൊവിഡ് പരിശോധന നടത്തിയതിന്‍റെ നെഗറ്റീവ് ഫലം കൈവശം സൂക്ഷിക്കണം. ഹെല്‍ത്ത് ഡിക്ലറേഷന്‍ ഫോം, ക്വാറന്‍റീന്‍ അണ്ടര്‍റ്റേക്കിങ് ഫോം എന്നിവ സമര്‍പ്പിക്കണം. കൂടാതെ ഡിഎക്സ്ബി സ്മാര്‍ട്ട് ആപ്പ് ഡൗണ്‍ലോഡ് ചെയ്യുകയും വേണമെന്ന് എയര്‍ലൈന്‍ അധികൃതര്‍ വ്യക്തമാക്കി. 

വന്ദേ ഭാരത്: പുതിയ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, യുഎഇയില്‍ നിന്ന് കേരളത്തിലേക്ക് 38 വിമാനങ്ങള്‍